വിനായകന് സൗന്ദര്യബോധം അല്പം കൂടുതലാണ്. ആരെക്കണ്ടാലും എന്തുകണ്ടാലും അതു മാത്രമേ ശ്രദ്ധിക്കാറുള്ളൂ.ഒരു കല്യാണത്തിനു പോയാൽ പെണ്ണ് ഐശ്വര്യാറായിയെപ്പോലെ, പയ്യൻ ഒരു കാശിന് കൊള്ളില്ല എന്നായിരിക്കും കമന്റ്. തിരിച്ചും പറയാറുണ്ട്. പൂവമ്പഴം പോലുള്ള പയ്യന് ഈ പെണ്ണിനെയേ കിട്ടിയുള്ളോ എന്നാവും ചോദ്യം.വിനായകൻ അത്ര സുന്ദരനാണോ എന്നു ചോദിച്ചാൽ അയാളുടെ അച്ഛനമ്മമാർ സാധാരണക്കാർ. സഹോദരങ്ങളും സൗന്ദര്യമത്സരത്തിന് പോകത്തക്കവണ്ണം സുന്ദരികളോ സുന്ദരന്മാരോ അല്ല. എന്നിട്ടും വിനായകനിൽ എങ്ങനെ ഈ അമിത സൗന്ദര്യബോധം ആവേശിച്ചു എന്നു പലരും ചിന്തിക്കാറുണ്ട്.കണ്ടുമുട്ടുന്ന ദമ്പതികളുടെ ഗുണഗണങ്ങളൊന്നും വിനായകന്റെ കണ്ണിൽ പെടാറില്ല. തൊലിപ്പുറത്തെ നിറത്തെ ആശ്രയിച്ചായിരിക്കും വിലയിരുത്തൽ. ഭർത്താവിന് അല്പം കൂടി പൊക്കമുണ്ടായിരുന്നെങ്കിൽ ഭാര്യയ്ക്ക് അല്പം കൂടി നിറമുണ്ടായിരുന്നെങ്കിൽ,മൂക്കിനല്പം കൂടി നീളമുണ്ടായിരുന്നെങ്കിൽ, കോങ്കണ്ണില്ലായിരുന്നെങ്കിൽ എന്നൊക്കെ ചിന്തിക്കും തുറന്നു പറയുകയും ചെയ്യും. കല്യാണം നടക്കണമെന്നുണ്ടെങ്കിൽ പെണ്ണുകാണാൻ പോകുമ്പോൾ വിനായകനെ കൂട്ടരുതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അടക്കം പറയാറുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ മറ്റൊരു ഗുണവും കാണാത്ത വിനായകനെ വഴിമുടക്കിയെന്നും വേണ്ടപ്പെട്ടവർ രഹസ്യമായി കളിയാക്കും.
സുഹൃത്തുക്കളിൽ സുന്ദരനായ മാധവൻകുട്ടി ഒരിക്കൽ വിനായകനോട് പൊട്ടിത്തെറിച്ചു. സൗന്ദര്യമില്ലാത്ത ഒരു വസ്തുവിനെ കാട്ടിത്തരാമോ? തൂമ്പയോ താമരയോ സൗന്ദര്യമില്ലാത്തത്. കാക്കയ്ക്കോ കൊക്കിനോ ചന്തം. തവളയുടെ കരച്ചിലോ ആനയുടെ ചിന്നം വിളിയോ മോശം. നമ്മുടെ ശരീരത്തിൽ ഓരോ ഭാഗത്തിനും ഓരോ നിറമല്ലേ. തലമുടിയും കാൽനഖവും ഒരുപോലെയാണോ? എല്ലാം കാണുന്ന കണ്ണിനു തന്നെ ഒരു നിറമാണോ ഇമയും കൃഷ്ണമണിയും ഒരേ നിറമാണോ ബാഹ്യസൗന്ദര്യത്തിന്റെ പേരിൽ ഏതു വസ്തുവിനെയും ആക്ഷേപിക്കുന്നത് അതിനെയെല്ലാം സൃഷ്ടിച്ച ദൈവത്തെ നിന്ദിക്കലല്ലേ. ദൈവത്തെ ചന്തം നോക്കിയാണോ ആരാധിക്കുന്നത്. രക്ഷിതാക്കളെ സൗന്ദര്യം കണക്കിലാക്കിയാണോ ഇഷ്ടപ്പെടുന്നത്.പുറംകണ്ണുകൊണ്ട് മാത്രം തന്റെയും മറ്റുള്ളവരുടെയും ഉള്ളിലെ സൗന്ദര്യം കാണാൻ കഴിയില്ല. അതിന് അകക്കണ്ണു നന്നാകണം. അറിവും ബോധവും ഉണ്ടെങ്കിലേ ആ കാഴ്ചശക്തി ലഭിക്കൂ.
സുഹൃത്ത് മാധവൻകുട്ടിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിനായകൻ പതറിപ്പോയി. അല്പം ചിന്തിച്ചശേഷം പുഞ്ചിരിയോടെ വിനായകൻ പറഞ്ഞു: മാധവൻ കുട്ടി പറഞ്ഞത് നേരാണ്. എന്റെ ഒരു ബന്ധു കാഴ്ചയിൽ സുന്ദരനായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ വെളുത്തു ചെമ്പിച്ച പാടുകൾ നിറഞ്ഞു. തലമുടിയുടെ സ്വാഭാവിക നിറം പോയി. ചുവന്ന ചുണ്ടുകളിൽ വെള്ളപ്പാണ്ടിന്റെ ശേഷിപ്പുകൾ. പലരും അദ്ദേഹത്തെ ആക്ഷേപിച്ചപ്പോഴും ഒരു ഭാവഭേദവുമില്ലാതെ അയാൾ പറയുമായിരുന്നു: ജരാനര ബാധിക്കാത്ത സൗന്ദര്യവും വൈകൃതവും പോരടിക്കാത്ത ഒരു ഹൃദയമാണ് തനിക്കെന്ന്.(ഫോൺ : 9946108220)