മലയാളിയെ സംബന്ധിച്ച് ഭ്രാന്തിന്റെ മറുപേരാണ് 'കുതിരവട്ടം". അങ്ങനെയുള്ള കുതിരവട്ടത്തിന്റെ പേരിട്ടിരിക്കുന്ന പുസ്തകം ഇ.വി ശ്രീധരന്റെ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ്. ഭ്രാന്തിൽ തുടങ്ങി ഭ്രാന്തിൽ എത്തി നിൽക്കുന്നവയാണ് ഇതിലെ പന്ത്രണ്ട് കഥകളും.കഥകളുടെ പൊതുസ്വഭാവം തന്നെ കഥാകാരൻ മനസിന്റെ ആകുലതകളെ ചേർത്തുനിർത്താൻ ശ്രമിക്കുന്നു എന്നതാണ്. സമാഹാരത്തിലെ മിക്ക കഥകൾക്കും വേദിയാകുന്നത് തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളാണെന്നുമുള്ള പ്രത്യേകതയുമുണ്ട്. കഥകളിലെ സ്ത്രീ കഥാപാത്രങ്ങളും ഒരുപാട് വേറിട്ട് നിൽക്കുന്നു. ഏറെയും അതിശക്തരും ഭോഗപ്രിയരുമാണ്. മനഃശാസ്ത്രത്തിനെ വെള്ളവും വളവുമാക്കി മുളച്ചു വന്നവരാണ് അവരൊക്കെയും.
ആദ്യ കഥയായ കുതിരവട്ടത്തിൽ അടിയന്തിരാവസ്ഥ ക്കാലത്ത് പൊലീസ് പിടിച്ചുകൊണ്ടു പോയി മർദ്ദിച്ച പ്രകാശന്റെ മനസിന്റെ സന്തുലിതവും അസന്തുലിതവുമായ അവസ്ഥകളാണ്. പലതവണ കുതിരവട്ടത്തു പോയി മടങ്ങുന്ന പ്രകാശന്റെ മനസിലൂടെയാണ് കഥയുടെ പ്രയാണം. മനസിലെ നക്സലൈറ്റ് ആശയങ്ങൾ ഒടുവിൽ ഭ്രാന്തിന് വഴിമാറുകയാണ്.
രണ്ട് സ്ത്രീകളുടെ നിലതെറ്റിയ മനസിലൂടെയുള്ള സഞ്ചാരമാണ് 'പുത്തരിക്കണ്ടം മാധവിയും ഞാനും ഷാഹിദയും". സമാഹാരത്തിലെ പൊതുസ്വഭാവമായ ഭ്രാന്തിന്റെ സാന്നിദ്ധ്യം ഇവിടെയും കാണാം.
ഭർത്താവ് മരിച്ച് മൂന്നാം ദിവസം കുടുംബപെൻഷൻ വാങ്ങാൻ പോകുന്ന മൂന്നു കെട്ടിയ സ്ത്രീയാണ് മാണിക്കോട്ട് ഭാരതിയെന്ന പൂജാപുഷ്പത്തിലെ നായിക. എല്ലാവിധ അഴിമതിയും ദുർനടപ്പും ശീലമാക്കിയ നന്മയുടെ അംശം തൊട്ടുതീണ്ടിയിട്ടില്ലാത്ത എം.എൽ.എയും മന്ത്രിയുമൊക്കെയായ ഒരാളുടെ വെള്ള പൂശിയ ആത്മകഥയെഴുതാൻ വിധിക്കപ്പെട്ട കഥാകാരന്റെ ആത്മസഞ്ചാരങ്ങളാണ് 'പി.സിയുടെ ആത്മകഥയും ഞാനും" വെളിവാക്കുന്നത്. അയാളുടെ കഥയെഴുതാൻ വിധിക്കപ്പെട്ട തന്റെ ജീവിതത്തെപ്പോലും വെറുപ്പോടെയാണ് കഥാകാരൻ നോക്കിക്കാണുന്നത്. ' ജാനകി മരിച്ചിട്ടില്ല" എന്ന കഥയിൽ ശക്തരായ സ്ത്രീകളോടുള്ള കഥാകാരന്റെ താത്പര്യം തെളിഞ്ഞു കാണാം. കഥയിലെ ജാനകിയെ പരദേവതയായി കാണാനാണ് കഥാകൃത്തിനിഷ്ടം.
ചരിത്രവും വർത്തമാനവും ഭാവനയുമൊക്കെ ഇടകലരുന്ന കഥകളിൽ പലപ്പോഴും രതിയും കടന്നു വരുന്നുണ്ട്. മിക്കതും ജീവിതത്തിന്റെ പുറമ്പോക്കിൽ ഒറ്റപ്പെട്ടു പോയ ജീവിതങ്ങളുടെ കഥയാണ്. പലതും സങ്കൽപ്പത്തിന്റേയും യാഥാർത്ഥ്യത്തിന്റേയും സങ്കലനമാണ്. പരിധി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില: ₹ 130