അഭിനയമാണോ സംവിധാനമാണോ പ്രിയമെന്ന് ചോദിച്ചാൽ ആൻസൺ പോൾ ഒരു നിമിഷം ആലോചിക്കും. രണ്ടും പ്രിയം തന്നെ. അഭിനയ മോഹം കൊണ്ട് ആക്ടിംഗ് പഠിച്ചു, എന്നാൽ പഠിച്ചിറങ്ങിയപ്പോൾ കാമറയ്ക്ക് പിന്നിൽ ഒരു കൈ നോക്കിയാലോ എന്നായി ചിന്ത. പക്ഷേ, സഹസംവിധായകനായി തുടക്കം കുറിക്കാനിരുന്ന സിനിമയിൽ നായകനായിട്ടായിരുന്നു ആൻസന്റെ കരിയർ തുടങ്ങിയത്. ആ കഥ ആൻസൺ തന്നെ പറയട്ടെ.
''എന്റെ കരിയർ തുടങ്ങുന്നത് എന്നെ തന്നെ ഞെട്ടിച്ചുകൊണ്ടാണ്. അഭിനയം പഠിച്ചിട്ട് നാട്ടിൽ വന്നപ്പോൾ അസിസ്റ്റന്റ് ഡയറക്ടറായാൽ കൊള്ളാമെന്ന് തോന്നി. നടന്മാരൊക്കെ പെർഫോം ചെയ്യുന്നത് നേരിട്ട് കാണാൻ ഒരു മോഹം. അത് ഭാവിയിൽ അഭിനയത്തിലും ഗുണം ചെയ്യും. അങ്ങനെ ബൈജു ജോൺസൻ സംവിധാനം ചെയ്ത കെ.ക്യൂ എന്ന സിനിമയിൽ സഹസംവിധായകനായി. പാർവതി ഓമനക്കുട്ടനായിരുന്നു നായിക. തമിഴ് താരം ആര്യയെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ ആര്യ സിനിമയിൽ നിന്ന് പിന്മാറി. അപ്പോഴാണ് സഹസംവിധായകനായ ആറടി നീളമുള്ള ചെറുപ്പക്കാരൻ അവരുടെ കണ്ണിൽപ്പെട്ടത്. അങ്ങനെയാണ് ഞാൻ നായകനാകുന്നത്.
ഭാഗ്യം കൂടെയുണ്ട്
അഭിനയിച്ച സിനിമകളെല്ലാം കുഴപ്പമില്ലാതെ ഓടിയിട്ടുണ്ട്. റെമോ നൂറുകോടി നേടിയ സിനിമയാണ്. ആടും അബ്രഹാമിന്റെ സന്തതികളും നൂറു ദിവസം പിന്നിട്ടു. ദൈവാനുഗ്രഹമുണ്ടെന്ന് തോന്നുന്നു. ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. ഒരുപാട് ഉത്തരവാദിത്തം വന്നതായി തോന്നുന്നു. സമയമെടുത്ത് നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഞാൻ സന്തോഷവാനാകുന്നുണ്ടോ എന്നാണ് നോക്കുന്നത്. നായകനായി മാറണമെന്ന ആഗ്രഹമൊന്നുമില്ല. അതൊക്കെ കഥയെ ആശ്രയിച്ചിരിക്കും. മറ്റൊരു രീതിയിലാണ് ഞാൻ കഥാപാത്രങ്ങളെ കാണുന്നത്. ഏത് സിനിമ ചെയ്താലും അതിലെ നായകൻ എന്റെ കഥാപാത്രമാണെന്ന് സ്വയം അങ്ങ് വിശ്വസിക്കും. ആട് 2ൽ അണലി സാബുവിന്റെ നായകൻ അയാൾ തന്നെയാണ്. ആ വേഷം പരമാവധി നന്നാക്കുകയാണ് എന്റെ ജോലി. അങ്ങനെ ചിന്തിക്കുന്നത് എനിക്കൊരു ഊർജം തരാറുണ്ട്.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ
ഞാൻ ഒരുപാട് സിനിമകൾ കാണുമെന്നല്ലാതെ വീട്ടുകാർക്കൊന്നും അതിനോട് താത്പര്യമുണ്ടായിരുന്നില്ല. സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞപ്പോൾ മോനേ, സിനിമയിൽ അഭിനയിക്കാൻ പോയാൽ എത്ര രൂപ കിട്ടും, ഒരു കമ്പനി തുടങ്ങിയാൽ എത്ര രൂപ കിട്ടും എന്നാണവർ ചോദിച്ചത്. എല്ലാ ഫാമിലിയിലെയും പോലെ കുറച്ച് പ്രശ്നങ്ങളുണ്ടായി. ഇപ്പോൾ കുഴപ്പമില്ല. ഞാൻ സിനിമയെ കച്ചവടമായി കണ്ടില്ല.
എനിക്ക് അതൊരു പാഷനാണ്. സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ താരങ്ങളോട് ആരാധനയുണ്ടായിരുന്നു. തൃശൂരാണ് സ്വദേശമെങ്കിലും പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. അവിടുത്തെ ആരാധന അറിയാമല്ലോ. സിനിമയുടെ റിലീസ് ഉത്സവമാണ്. ഞാനിപ്പോഴും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോകാറുണ്ട്. സിനിമാക്കാറ്റടിച്ച് വളർന്നതിനാൽ നടനാവണമെന്ന് സ്വാഭാവികമായും തോന്നുമല്ലോ. ആഗ്രഹം മാത്രമുണ്ടായാൽ പോരാ. അതിന് സമയം കൊടുക്കുകയും പഠിക്കുകയും വേണമെന്നു തോന്നിയതുകൊണ്ട് എൻജിനിയറിംഗിന് ശേഷം അഭിനയം പഠിക്കാൻ പോയി. മുംബയിൽ അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിലാണ് പഠിച്ചത്.
കട്ട തയ്യാറെടുപ്പ്
കെ. ക്യുവിന് ശേഷമുള്ള ബ്രേക്കിൽ സിനിമയൊന്നും ചെയ്യാതെ വർക്കൗട്ടൊക്കെയായി നടക്കുകയായിരുന്നു. ശരീരം നന്നാക്കുകയായിരുന്നു ലക്ഷ്യം. ആ സമയത്താണ് ഫിലിം ഫെയർ അവാർഡിൽ വച്ച് ജയേട്ടനെ (ജയസൂര്യ) പരിചയപ്പെടുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ പുള്ളി വിളിച്ച് രഞ്ജിത്തേട്ടനെ (രഞ്ജിത്ത് ശങ്കർ) പോയി കാണാൻ പറഞ്ഞു. ഈ മസിലൊക്കെ കണ്ടിട്ട് വിളിച്ചതാണെന്നായിരുന്നു വിചാരം. അതുകൊണ്ട് രഞ്ജിത്തേട്ടനെ കാണുന്നതിന് മുമ്പുള്ള രണ്ടാഴ്ച രണ്ടു നേരം വീതം വ്യായാമം ചെയ്ത് കട്ട മസിലുമായിട്ടാണ് പോകുന്നത്. പക്ഷേ, എന്നെ കണ്ടയുടനേ രഞ്ജിത്തേട്ടൻ പറഞ്ഞു, മോനേ വിജയ് ബാബു എന്ന കഥാപാത്രമാണ് നീ ചെയ്യേണ്ടത്. എന്റെ വിജയ് ബാബുവിന് 40 വയസുണ്ട്. അതിന് കുറച്ച് വയറും കവിളുമൊക്കെ വേണം. ഇതുകേട്ട് ഞെട്ടിപ്പോയെങ്കിലും ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്ക് ഞാൻ തടിയൊക്കെ വച്ച് റെഡിയായി ചെന്നു. സ്ക്രീനിൽ കണ്ടപ്പോഴാണ് ആ മാറ്റത്തിന്റെ ഗുണം എനിക്ക് മനസിലായത്. അതൊരു തിരിച്ചറിവായിരുന്നു. ശരീരത്തിൽ മാറ്റം വരുത്തിയാൽ കഥാപാത്രത്തിന് ഗുണം ചെയ്യുമെന്ന് മനസിലാക്കുന്നത് അങ്ങനെയാണ്.
സെലക്ടീവാണ്
കിട്ടുന്ന വേഷമേതായാലും അഭിനയിക്കാൻ തയ്യാറല്ല. കഥയ്ക്കോ കഥാപാത്രത്തിനോ എന്നെ സ്വാധീനിക്കാൻ കഴിയണം. ഞാൻ ചെയ്ത പല കഥാപാത്രങ്ങളും ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടുപോലും ഇല്ലാത്തവയാണ്. ഉദാഹരണത്തിന് ആട് 2ലെ അണലി സാബു. അത്തരം രൂപമോ സ്വഭാവമോ ഉള്ള ആരെയും എനിക്ക് അറിയില്ല. സംവിധായകൻ മിഥുൻ മാനുവൽ ഇതേക്കുറിച്ച് പറഞ്ഞപ്പോൾ സാബുവിനെ സങ്കല്പിച്ച് നോക്കി. പിന്നെ ഞങ്ങൾ ചർച്ച ചെയ്തു. അപ്പോഴാണ് അണലി ചീറ്റുമെന്ന് മിഥുൻ പറഞ്ഞത്. അതിന് പകരം പാക്ക് മുറുക്കി തുപ്പി. മുടിയൊക്കെ കെട്ടിവച്ച് എന്നെ ആകെ കറുപ്പിച്ചെടുത്തു. നല്ല രസമായിരുന്നു ആ മേക്കോവർ.
വില്ലനായും തിളങ്ങി
'സുധിവാത്മീകം" കഴിഞ്ഞ് മലയാളത്തിൽ ഊഴവും തമിഴിൽ റെമോയും ചെയ്തു. രണ്ടും വില്ലൻ കഥാപാത്രങ്ങൾ. ഷൂട്ടിംഗും ഒരേ സമയത്തായിരുന്നു. രണ്ടിലെയും ലുക്ക് ഏകദേശം ഒരുപോലെയായതു കാരണമാണ് ഒരേസമയം ചെയ്യാൻ കഴിഞ്ഞത്. അതിനുവേണ്ടി വീണ്ടും ജിമ്മിൽ പോയി മസിലൊക്കെ റെഡിയാക്കി. പിന്നെ ചെറിയൊരു ബ്രേക്കെടുത്തു. അപ്പോഴാണ് ബിജോയ് നമ്പ്യാരുടെ സോളോ എന്നെത്തേടി വരുന്നത്.
സോളോയിലെ ജസ്റ്റിൻ ഒരു ഫാമിലിമാനായിരുന്നു. ക്ളൈമാക്സിലെ ആശുപത്രി രംഗം ശരിക്കും വെല്ലുവിളി ഉയർത്തി. അതുകഴിഞ്ഞാണ് കല വിപ്ളവം പ്രണയവും ആടും വരുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു നാടൻ കഥാപാത്രം ചെയ്താൽ എങ്ങനെയുണ്ടാകും എന്നറിയാനാണ് കല വിപ്ളവം പ്രണയം തിരഞ്ഞെടുത്തത്. അതുകഴിഞ്ഞപ്പോഴേക്കും അബ്രഹാമിന്റെ സന്തതികളെത്തി. ഇപ്പോഴും കഥകൾ കേൾക്കുന്നു. എന്തായാലും ഈ യാത്ര ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്.