acid-biju

കോഴിക്കോട്: കോഴിക്കോടു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മൺകുഴികുന്നേൽ ബിജു(44) പൊലീസിന്റെ പിടിയിലായി. പൊലീസിന്റെ വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെ ഓമശ്ശേരി ടൗണിൽ വച്ചാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെനാളായി വിവിധ സ്ഥലങ്ങളിൽ നടന്നുവന്ന മോഷണ പരമ്പരയുടെ ചുരുളഴിഞത്.

ഡിസംബർ 8ന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിൽ ഒരു വീട്ടിൽ കയറി ഉറങ്ങികിടക്കുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ആറു പവനോളം തൂക്കമുള്ള രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് മോഷണ പരമ്പരയുടെ തുടക്കം. അതേ ദിവസം തന്നെ അടുത്തുള്ള മറ്റു ചില വീടുകളിലും കവർച്ചാശ്രമം നടന്നു. ഡിസംബർ 19 ന് പിലാശ്ശേരിയിലുള്ള വീട്ടിൽ ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്സ് ലെറ്റും മോഷ്ടിച്ചു. പിന്നീട് ബാലുശ്ശേരി പറമ്പിന്റെ മുകളിലുള്ള വീട്ടിൽ നിന്നും 9 പവനും, കൊടുവള്ളി നരിക്കുനി റോഡിലുള്ള വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ കൈയ്യിലുള്ള ബ്രേയ്സ് ലെറ്റ്, കൊടുവള്ളിയിലും കിഴക്കോത്തും വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയത് താനാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ഒറ്റ രാത്രിയിൽ തന്നെ നാലും അഞ്ചും വീടുകളിൽ മോഷണം നടത്തുകയാണ് പതിവ്. ഒറ്റനില വീടുകളിൽ കോണിക്കൂടിന്റ വാതിൽ തകർത്താണ് പ്രതി വീടിനുള്ളിൽ കയറിയിരുന്നത്. പിടിക്കുമ്പോൾ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ വാതിൽ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര, ഉളി, വയർകട്ടർ തുടങ്ങിയവ ഉണ്ടായിരുന്നു . മോഷണം നടത്തുമ്പോൾ അടിവസ്ത്രം മാത്രം ധരിച്ച് വീടുകളിൽ സ്വൈര്യ വിഹാരം നടത്തിയിരുന്ന പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തരാകുകയും ഭീതിയിൽ കഴിയാനിടയാവുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാൾ താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയിൽ നിന്ന് പത്തര പവനോളം കളവ് ചെയ്ത സ്വർണ്ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇരുപത് വർഷമായി ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നൂറിലേറെ മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. പല തവണകളിലായി എട്ടുവർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. മോഷ്ടിക്കുന്ന സ്വർണ്ണം വിറ്റ് ആർഭാട ജീവിതം നയിക്കുകയാണ് അവിവാഹിതനായ മോഷ്ടാവ് ചെയ്തിരുന്നത്. പാലക്കാട് ജില്ലയിൽ വിവിധ കേസുകളിൽ പിടിയിലായതിനു ശേഷം നവമ്പർ അവസാനത്തോടെയാണ് പ്രതി ജയിലിൽ നിന്നു പുറത്തിറങ്ങുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ സ്വർണ്ണം എറണാകുളം കോഴിക്കോട് ജില്ലകളിലുള്ള ജ്വല്ലറികളിലാണ് വിൽപ്പന നടത്തിയത്. കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം കൊടുവള്ളി സർക്കിൾ ഇൻസ്പക്ടർ, കൊടുവള്ളി സബ് ഇൻസ്പക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.പെരിന്തൽമണ്ണ ഡി.വൈ.എസ് പി യുടെ സ്‌ക്വാഡിലെ കൃഷ്ണകുമാർ, സഞ്ജീവൻ എന്നിവരുടെ സഹായവും ലഭിച്ചു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.