police

പൊന്നാനി ശബരിമലയിൽ യുവതി പ്രവേശനം നടന്നതിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പൊലീസിനെ ആക്രമിച്ചത് പോലീസിലേക്ക് നേരിട്ട് നിയമനം കാത്തിരുന്ന യുവാവ്. ഹർത്താൽ ദിനത്തിൽ ഇവിടെ പരക്കെ അക്രമം നടന്നിരുന്നു. അക്രമികളെ നേരിടാനെത്തിയ പൊന്നാനി എസ്.ഐ. കെ. നൗഫലിന്റെ കൈയൊടിച്ച കേസിലാണ് പോലീസിലേക്ക് നേരിട്ട് നിയമനം കാത്തിരുന്ന ആരുൺ കുമാർ അറസ്റ്റിലായത്. പൊന്നാനി സി.ഐ. സണ്ണി ചാക്കോയാണ് എസ്.ഐയുടെ കൈയൊടിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്തത്. കേസിൽ പ്രതിയായ അരുണിന്റെ അച്ഛൻ പോലീസ് സർവീസിലിരിക്കെ ഒരു വർഷം മുൻപ് മരണപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം പോലീസിലേക്ക് നേരിട്ട് അരുണിന് നിയമനം ലഭിക്കുമായിരുന്നു. എന്നാൽ കേസിൽ പ്രതിയായതോടെ യുവാവിന്റെ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്.

ഇതേ കേസിൽ പൊന്നാനി താലൂക്ക് ആർ.എസ്.എസ്. കാര്യവാഹക് സുനിലുൾപ്പെടെ ആറ് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഹർത്താൽ ദിനത്തിൽ ഇവിടെ പോലീസിനെ അക്രമിച്ച 50 പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഏഴുപോലീസുകാർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.