yogi

ലഖ്ന‌ൗ: കൈക്കൂലി വാങ്ങിയതിനെ തുടർന്ന് മൂന്ന് ഉത്തർപ്രദേശ് മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ പിടിയിലായി. പ്രത്യേക അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. എക്സൈസ്,​ ഖനന മന്ത്രി അർച്ചന പാണ്ഡെ,​ വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിംഗ്,​ പിന്നോക്ക ക്ഷേമ മന്ത്രി ഓംപ്രകാശ് എന്നിവരുടെ സെക്രട്ടറിമാരെയാണ് അന്വേഷ സംഘം അറസ്റ്റ് ചെയ്തത്.

നിയമസഭയ്ക്കുള്ളിൽ വച്ച് ഇവർ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്കാമറ ദൃശ്യങ്ങൾ ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടിരുന്നു. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഡീഷണൽ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘം രൂപീകരിച്ച ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ദൃശ്യങ്ങൾ പുറത്തായതോടെ മന്ത്രിമാർ പേഴ്സണൽ സെക്രട്ടറിമാരെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. പിന്നോക്ക ക്ഷേമ മന്ത്രി ഓംപ്രകാശിന്റെ സെക്രട്ടറി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാഗുകളും യൂണിഫോമുകളും വിതരണം ചെയ്യുന്നതിനുള്ള കരാറിനു വേണ്ടിയിട്ടാണ് സെക്രട്ടറി കൈക്കൂലി വാങ്ങിയത്.