ദുബായ്: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ജി. സുധാകരനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ രംഗത്ത്. തന്ത്രിയെ ഒരു മന്ത്രി രാക്ഷസനെന്ന് വിളിച്ചത് രാക്ഷസന്റെ മന്ത്രിസഭയിൽ അംഗമായതിനാലാണെന്ന് മുരളീധരൻ പറഞ്ഞു. തന്ത്രിയെ മാറ്റാൻ മന്ത്രിക്ക് അവകാശമില്ല. ഇങ്ങനെ സംസ്കാരശൂന്യരായ മന്ത്രിമാരും ധാർഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരൻ പറഞ്ഞു.
സംഘർഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബാദ്ധ്യസ്ഥനായ മുഖ്യമന്ത്രി മനപ്പൂർവം കലാപങ്ങൾ സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസം നാഥനില്ലാതാക്കി. കേരളത്തിലെ ക്രമസമാധാനനില നിയന്ത്രിക്കാൻ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ യു.പി.എ ഭരണം വന്നാൽ ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ ശുപാർശ ചെയ്യുമെന്നും മുരളീധരൻ വ്യക്തമാക്കി.
ജാതിപ്പിശാചിന്റെ പ്രതീകമായ ശബരിമല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു. പൂന്താനത്തെപ്പോലെ ശുദ്ധനായ ബ്രാഹ്മണനല്ല അദ്ദേഹമെന്നും ബ്രാഹ്മണൻ രാക്ഷസനായാൽ ഏറ്റവും ഭീകരനായിരിക്കുമെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.