hal

ബംഗളൂരു: ഇന്ത്യൻ സായുധ സേനകൾക്കായി വിമാനങ്ങളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്തുന്ന പ്രതിരോധ മേഖലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) കൈയിൽ ചില്ലിക്കാശില്ലാതെ നട്ടംതിരിയുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും പ്രവർത്തന ചെലവിനുമായി ആയിരം കോടി രൂപയാണ് എച്ച്.എ.എൽ കഴിഞ്ഞമാസം വായ്പയെടുത്തത്.

വ്യോമസേന, കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവ എച്ച്.എ.എല്ലിന് നൽകാനുള്ള കുടിശിക 15,700 കോടി രൂപയാണ്. 2017 സെപ്തംബറിൽ 2,000 കോടി രൂപ നൽകിയ വ്യോമസേന പിന്നീട് പണമൊന്നും നൽകാത്തതാണ് എച്ച്.എ.എല്ലിനെ വലയ്ക്കുന്നത്.

ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ദൈനംദിന ചെലവിനുമായി പ്രതിമാസം 1,480 കോടി രൂപ എച്ച്.എ.എല്ലിന് വേണം. കഴിഞ്ഞ സെപ്തംബർ 30ന് എച്ച്.എ.എല്ലിന്റെ കൈവശം ആയിരം കോടി രൂപയുണ്ടായിരുന്നത് കഴിഞ്ഞമാസം പൂജ്യത്തിനും താഴെ എത്തിയതോടെയാണ് കടമെടുക്കേണ്ട അവസ്ഥയുണ്ടായത്. നിലവിലെ സ്ഥിതി തുടർന്നാൽ 2019 മാർച്ചോടെ എച്ച്.എ.എല്ലിന്റെ സാമ്പത്തികസ്ഥിതി നെഗറ്റീവ് 6,000 കോടി രൂപയാകുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. മാധവൻ പറഞ്ഞു.

1400 കോടി

ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും പ്രവർത്തനച്ചെലവിനുമായി എച്ച്.എ.എല്ലിന് പ്രതിമാസം വേണ്ടത് 1,400 കോടി രൂപ

358 കോടി

ജീവനക്കാർക്ക് ശമ്പളം നൽകാനായി മാത്രം പ്രതിമാസം 358 കോടി രൂപ വേണം. എച്ച്.എ.എല്ലിലുള്ളത് ആകെ 29,035 ജീവനക്കാർ

14,500 കോടി

ഇന്ത്യൻ സായുധ സേനകൾ എച്ച്.എ.എല്ലിന് നൽകാനുള്ള കുടിശിക 15,700 കോടി രൂപ. ഇതിൽ 14,500 കോടി രൂപയും നൽകാനുള്ളത് വ്യേമസേനയാണ്. കുടിശിക തീർക്കാൻ സേനകൾ തയ്യാറായില്ലെങ്കിൽ ഈവർഷം മാർച്ചിൽ തുക 20,000 കോടി രൂപയായി ഉയരും

ഓർഡർബുക്ക് 61,000 കോടി

എച്ച്.എ.എല്ലിന് നിലവിൽ 61,000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതിസന്ധി മൂലം ഓർഡറുകൾ കുറഞ്ഞുവരികയാണ്.

ചെറുകിടക്കാർക്ക് തിരിച്ചടി

എച്ച്.എ.എല്ലിന് അസംസ്‌കൃത വസ്തുക്കൾ നൽകുന്ന രണ്ടായിരത്തോളം ചെറുകിട ഇടത്തരം കമ്പനികളുണ്ടെന്നും കമ്പനിയുടെ സാമ്പത്തിക പ്രസിസന്ധി ഇവർക്ക് നൽകാനുള്ള തുക കുടിശികയായി മാറാൻ കാരണമായിട്ടുണ്ടെന്നും ചെയർമാൻ ആർ. മാധവൻ പറഞ്ഞു. കുടിശിക വർദ്ധിക്കുന്നത് കമ്പനിയുടെ പ്രവർത്തനത്തെയും ബാധിക്കും.

1000 കോടി

ആയിരം കോടി രൂപയാണ് എച്ച്.എ.എൽ കഴിഞ്ഞമാസം വായ്പയെടുത്തത്