harthal

തലശ്ശേരി: ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തലശ്ശേരിയിൽ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം എ.എൻ ഷംസീർ എം.എൽ.എയുടെ വീട്, വി മുരളീധരൻ എം.പിയുടെ തറവാട് വീട് എന്നിവിടങ്ങളിലേയ്‌ക്ക് ബോംബേറുണ്ടായി. ഇതുകൂടാതെ നിരവധി പ്രവർത്തകരുടെ വീടുകൾക്കുനേരെയും ആക്രമണം നടന്നിരുന്നു. തലശ്ശേരിയിലും പരിസരങ്ങളിലും കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. സംഘർഷബാധിത മേഖലകളിൽ പൊലീസ് കഴിഞ്ഞ ദിവസം റൂട്ട് മാർച്ച് നടത്തിയിരുന്നു.

അതേസമയം,കണ്ണൂർ ജില്ലയിൽ സംഘ‍ർഷങ്ങൾക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാൻ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ പാടില്ലെന്ന് സമാധാനയോഗത്തിൽ തീരുമാനമായി. തലശ്ശേരിക്ക് പുറമെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പത്തനംതിട്ട ജില്ലയിലെ അടൂർ, പന്തളം, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നിവിടങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്.