sathyaraj-actor

കൊച്ചി: സിനിമാ താരങ്ങളുടെ രാഷ്‌ട്രീയ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് നടൻ സത്യരാജ്. തമിഴ്നാടിന്റെ മുഖ്യമന്ത്രി ആവുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അല്ലാതെ ജനങ്ങളെ സേവിക്കുന്നതിലല്ലെന്ന് സത്യരാജ് തുറന്നടിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമലഹാസന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സത്യരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്നാട്ടിൽ ഇനി സിനിമാക്കാരൻ മുഖ്യമന്ത്രിയാകില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പിൽ കാണാമെന്നും സത്യരാജ് പറഞ്ഞു. തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം. തൊണ്ണൂറ്റിയഞ്ചുവയസുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാരൊക്കെ സിനിമാക്കാരേക്കാൾ വലിയവരാണെന്നും സത്യരാജ് കൂട്ടിച്ചേർത്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച രാഷ്ട്രീയക്കാരനും ആദർശധീരനുമാണെന്ന് പറഞ്ഞ താരം നാൽപത്തിയൊന്നുവർഷത്തെ അഭിനയജീവിതത്തിനിടയിൽ രാഷ്ട്രീയം തന്നെ ഒരുഘട്ടത്തിലും മോഹിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി.