cpim-branch-secetry-

കോഴിക്കോട്: ശബരിമലയിൽ യുവതി പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അതുൽ ദാസിനെയാണ് റിമാൻഡ് ചെയ്തത്. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനായിരുന്നു അതുൽ ദാസ് ഉൾപ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, ഹർ‌ത്താൽ ദിവസം വൈകുന്നേരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്ര ടൗണിൽ പ്രകടനം നടത്തിയിരുന്നു. ഇതിനെ നേരിടാൻ ഡി.വൈ.എഫ്.ഐക്കാർ സംഘടിച്ചെത്തുകയായിരുന്നു. തുടർന്ന് വടകര-പേരാമ്പ്ര റോഡിൽ ഇവർ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തെ ജുമാ മസ്ജിദിനും മുസ്ലീംലീഗ് ഓഫീസിന് നേരെയും കല്ലേറുണ്ടായത്.

Read more: നവോത്ഥാനത്തേക്കാൾ പ്രധാനമാണ് സമാധാനം, അതാണ് പിണറായി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ ഇല്ലാതാക്കുന്നതെന്ന് ബൽറാം

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികൂടിയാണ്.