kadakampally-surendran

തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ വിദേശികളെ അക്രമിക്കുന്നതും യാത്രയിൽ തടസ്സം വരുത്തുന്നതും ശരിയായ നടപടിയല്ലെന്ന് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദേശികൾക്ക് ഇന്ത്യയിലേക്കും പ്രത്യേകിച്ച് കേരളത്തിൽ എത്തുന്നതിന് വിദേശ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഒരു ക്ഷേത്രത്തിന്റെ പേരിൽ സംസ്ഥാനത്ത് നടത്തുന്ന അക്രമങ്ങൾ ദേശീയ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത് നിർഭാഗ്യകരമാണ്.

വിദേശി പൗരൻമാരുടെ യാത്ര തടയുന്നതും അക്രമിക്കുന്നതും ശരിയല്ല. ആരുടെയും യാത്രാ സ്വാതന്ത്ര്യം തടയാൻ അവകാശം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭങ്ങൾ നടത്തുന്നതിലൂടെ രാജ്യത്തിന്റെ വിനോദ സഞ്ചാരമേഖലയെ മാത്രമല്ല തകർക്കുന്നത് യശസിനെ കൂടിയാണെന്ന് ഓർക്കണം. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പ്രേരിത അക്രമങ്ങളാണെന്ന് ജനങ്ങൾക്കറിയാം. വിനോദ സഞ്ചാര മേഖലയെ തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി ശുദ്ധികലശം ചെയ്തത് സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതാണ്. ഇതിനു പിന്നാലെ അയിത്താചാര പ്രശ്നങ്ങളും ഉയർന്നു വന്നിട്ടുണ്ട്. തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല അതിനുള്ള അവകാശം ദേവസ്വം ബോർഡിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ശുദ്ധികലശം ചെയ്തതിനെ കുറിച്ച് തന്ത്രിയോട് കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിയെ മാറ്റുന്നത് ദേവസ്വം ബോർഡിന്റെ തീരുമാനമാണ്. തന്ത്രി നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ദേവസ്വം ബോർഡ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർമ്മസമിതി എന്ന് പറയുന്നത് തന്നെ ആർ.എസ്.എസ് ആണ്. ക്ഷേത്രത്തിലുള്ളവരെയും തന്ത്രിമാരെയും അവർ ആയുധമാക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി അവർ എല്ലാവരെയും ഉപയോഗിക്കുകയാണ് - കടകംപള്ളി പറഞ്ഞു.

ബലിദാനികളെ സൃഷ്ടിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. അതിന്റെ പേരിൽ ദേശീയ നേതാക്കളെ ഇടപെടുത്തുകയും കേരളത്തിൽ 356 നടപ്പാക്കാനുമാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിൽ പങ്കെടുത്തതിനെ തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഒരു യുവതിയുടെ വീടിന് നേർക്ക് അക്രമം നടത്തിയതിയതും ഇവരാണ്. ബി.ജെ.പി ആർ.എസ്.എസ് ഘടകങ്ങൾ മാദ്ധ്യമങ്ങളെയും സാധാരണക്കാരെയും വെറുതെ വിടുന്നില്ല. ഓലപ്പാമ്പ് കാട്ടി കേരളത്തിലുള്ളവരെ ഭയപ്പെടുത്തുകയാണിവർ. സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും അതിൽ വിലപിക്കുന്നതും ആർ.എസ്.എസും ബി.ജെ.പിയും തന്നെയാണ്. ഇവരുടെ നേതാക്കൻമാർ പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളേ സംസ്ഥാനത്തുള്ളു എന്നും അദ്ദേഹം പറഞ്ഞു.