sabarimala-darshan

തിരുവനന്തപുരം : ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല ദർശനത്തിന്റെ പേരിൽ കേരളത്തിൽ സംഘപരിവാർ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലും കൂടുതൽ യുവതികളെ എത്തിക്കാൻ നീക്കം. ജനുവരിയിൽ ശബരിമലയിൽ ദർശനത്തിന് താത്പര്യമുള്ള യുവതികൾ സഹായത്തിനായി വിളിക്കുവാനുള്ള ഫോൺ നമ്പരടക്കം നൽകിയാണ് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ മുന്നോട്ട് പോകുന്നത്. കഴിഞ്ഞയാഴ്ച സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. രണ്ടോ മൂന്നോ യുവതികളെ വീതം ഓരോ ദിവസങ്ങളിലായി മകരവിളക്കിന് മുമ്പ് തന്നെ ഇനിയും സന്നിധാനത്ത് എത്തിക്കാനാണ് ഈ കൂട്ടായ്മയുടെ പദ്ധതി.

സി.പി.ഐ.എം.എൽ ഉൾപ്പെടെയുള്ള തീവ്രഇടതുപക്ഷ പ്രവർത്തകരാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. മകരവിളക്കിന് ശേഷം നട അടയ്ക്കുന്ന 20 വരെയുള്ള ദിവസങ്ങളിൽ 50 അംഗങ്ങളുള്ള യുവതിസംഘത്തെ അയക്കാനാണ് തീരുമാനം. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം യുവതികളെ 1000 പുരുഷൻമാരോടൊപ്പം സന്നിധാനത്തെത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇത് കേരളകൗമുദി പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത്തരമൊരു ശ്രമം നടത്തി പാളിപ്പോയാൽ പിന്നെ ഒരു യുവതിയെ പോലും സന്നിധാനത്തെത്തിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഇവർ മറുതന്ത്രം മെനയുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ഇവരുടെ രഹസ്യയോഗം ചേർന്നിരുന്നു.