പെരുന്ന: സംസ്ഥാന സർക്കാരിനെതിരെ വീണ്ടുംആഞ്ഞടിച്ച് നായർ സർവീസ് സൊസൈറ്റി. സംസ്ഥാനത്ത് നടന്ന കലാപത്തിന് കാരണം സർക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എൻ.എസ്.എസ് വിമർശിച്ചു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സർക്കാർ ആ ബാധ്യത നടപ്പാക്കിയില്ലെങ്കിൽ ജനം തെരുവിലിറങ്ങുന്നതിൽ തെറ്റില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ജനങ്ങൾ നൽകിയ അധികാരം കൈയിൽ വച്ച് പാർട്ടി നയം നടപ്പാക്കുകയാണെന്നും, സമാധാനപരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നത് സർക്കാരാണെന്നും എൻ.എസ്.എസ് വിമർശിക്കുന്നു.
അനാവശ്യമായി നിരോധനാജ്ഞ നടപ്പിലാക്കുക, നിരപരാധികളായവരെ കേസിൽ കുടുക്കുക, നാട്ടിൽ അരാജകത്വം സൃഷ്‌ടിക്കുക, ഹൈന്ദവാചാര്യന്മാരെ നികൃഷ്‌ടമായി അധിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു.