amit-shah-yogi

ന്യൂഡൽഹി: ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും അമിത്ഷായെ മാറ്റി‌ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിയമിക്കണമെന്നും കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്നും ബി.ജെ.പി നേതാവ്​ സംഗ്​പ്രിയ ഗൗതം ഉന്നയിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്നും യോഗി ക്ഷേത്രങ്ങളുടെ ആചാരങ്ങളിലേയ്‌ക്ക്​ മടങ്ങി പോകണമെന്നും അദ്ദേഹം വ്യക്​തമാക്കി.

നിലവിലെ കേന്ദ്രആഭ്യന്തര മ​ന്ത്രി രാജ്​നാഥ്​ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്നാണ്​ ഗൗതം നിർദേശിക്കുന്നത്​. അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ​ പ്രധാനമന്ത്രി നരേന്ദ്രമോദി​യല്ലാതെ മറ്റൊരു സ്ഥാനാർഥിയെ ബി.ജെ.പിക്ക്​ മുന്നോട്ട്​വെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പിൽ മോദിയുടെ തന്ത്രങ്ങൾ വീണ്ടും പ്രാവർത്തികമാകാൻ സാദ്ധ്യതയില്ല.

പാർട്ടി പ്രവർത്തകർ ഇക്കാര്യം സ്വമേധയാ സമ്മതിക്കുകയും മൗനം പാലിക്കുകയുമാണ്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പുണ്ടായാൽ പാർട്ടിയുടെ സ്ഥിതി ദയനീയമാകും. പല സംസ്ഥാനങ്ങളിലും പാർട്ടി തുടച്ച് നീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാജ്​പേയ്​ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു സംഗ്​പ്രിയ ഗൗതം.