kaumudy-news-headlines

1. ശബരിമല യുവതീ പ്രവേശനത്ത തുടര്‍ന്ന് പ്രക്ഷോഭം പൊട്ടിപുറപ്പെട്ട കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ സ്ഥിതികള്‍ ശാന്തമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആസൂത്രിത ആക്രമണങ്ങള്‍ ഉണ്ടായില്ല എങ്കിലും കണ്ണൂരും പാലക്കാട്ടും അങ്ങിങ്ങ് സംഘര്‍ഷങ്ങള്‍ ഉണ്ടായി. പത്തനംതിട്ടയില്‍ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

2. ശബരിമലയില്‍ മകരവിളക്കിന് ഇനി ഒരാഴ്ച ശേഷിക്കെ, നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. ശരാശരി ഒരു ലക്ഷത്തില്‍ ഏറെ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതായി അധികൃതര്‍. തിരക്ക് വര്‍ധിക്കുമ്പോള്‍ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോര്‍ഡും പൊലീസും മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തുന്നു

3. പമ്പയിലും നിലയ്ക്കലും അതീവ ജാഗ്രത. ആര്‍ക്കും പ്രത്യേക സുരക്ഷ നല്‍കാന്‍ ആവില്ല എന്ന നിലപാടില്‍ പൊലീസ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് സമയം പുല്ലു മേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 500 പൊലീസുകാരെ ഈ മേഖലകളില്‍ അധികമായി വിന്യസിക്കും എന്നും ഡി.ജി.പി

4. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പൊലീസ്. വ്യാപകമായി അക്രമം നടത്താന്‍ സംഘടിത ശ്രമം ഉണ്ടായിരുന്നു എന്ന് പരാമര്‍ശം. വലിയ തോതില്‍ പൊതു മുതല്‍ നശിപ്പിക്കാന്‍ ശ്രമം ഉണ്ടായി എന്നും ഉദ്യോഗസ്ഥര്‍. പൊലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കുമെന്ന് സര്‍ക്കാര്‍

5. അതേസമയം, പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഷബീറലി എന്നയാള്‍ക്കാണ് വെട്ടേറ്റത്. അര്‍ധരാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഷബീറലിയെ വീട്ടില്‍ക്കയറി വെട്ടിയത്. ഇന്നലെ വൈകുന്നേരം അട്ടപ്പാടിയിലുണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം തുടരുന്ന തലശേരിയില്‍ നിരോധനാജ്ഞ

6. തലശേരി ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

7. പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനം. കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുന്നു. എന്നാല്‍ അന്തിമ വിജ്ഞാപനത്തിലും പിഴവ് തിരുത്താന്‍ സര്‍ക്കാര്‍ ഒരുക്കം അല്ലെന്ന സൂചനകള്‍ പുറത്തു വന്നതോടെ ആണ് സംഘടനകളുടെ നീക്കം

8. തങ്ങള്‍ അടിയന്തര യോഗം വിളിച്ചത്, സമുദായ വിഷയങ്ങളില്‍ ലീഗിന് താല്‍പര്യം കുറഞ്ഞു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍. എസ്.എന്‍.ഡി.പി അടക്കമുള്ള സംഘടനകളെ അണിനിരത്തി സമരത്തിന് ഇറങ്ങാന്‍ ആണ് നിലവില്‍ സംഘടന ശ്രമിക്കുന്നത്

9. കേരളത്തിലേക്ക് പോകുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന വിദേശ രാജ്യങ്ങളുടെ നിര്‍ദ്ദേശം അപമാനകരം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി എന്നും പ്രതികരണം. സംഘര്‍ഷ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് അമേരിക്കയും ബ്രിട്ടനും ആണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്

10. കേരളത്തിലെ ക്രമ സംഭവങ്ങള്‍ സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് വിലയിരുത്തണം എന്നാണ് നിര്‍ദ്ദേശം. ജനക്കൂട്ടമുള്ള മേഖലകളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കേരളത്തില്‍ പല സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാ സക്തം ആയേക്കാം. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പൊതു ഗതാഗത സംവിധാനങ്ങള്‍ താറുമാറായേക്കാം എന്നും മുന്നറിയിപ്പുണ്ട്

11. കോഴിക്കോട് മിഠായി തെരുവില്‍ സംഘ്പരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ പൊലീസ്, അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കി നില്‍ക്കുക ആയിരുന്നു എന്ന് വ്യാപാരികള്‍. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് ജില്ലാ ഭരണകൂടം

12. ഇന്നലെ തഹസില്‍ദാര്‍ കടകളില്‍ എത്തി നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറും. അതിന് ശേഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമതീരുമാനം എടുക്കുക.അതേസമയം, പ്രതികളെ ഉടന്‍ പിടികൂടണം എന്ന് ഡി.ജി.പി ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും പൊലീസ് മെല്ലെപ്പോക്കില്‍ ആണ്. ഹര്‍ത്താലിനു മുന്‍പ് കരുതല്‍ അറസ്റ്റിനായി നല്‍കിയ പട്ടികയില്‍ ഉള്ളവരെ പോലും പിടികൂടിയില്ല എന്ന ആക്ഷേപവും ശക്തം

13. എന്നാല്‍ മിക്ക ജില്ലകളിലും പ്രതികളുടെ ആല്‍ബം തയാറായെന്നും ഇവരെ തിരിച്ചറിഞ്ഞു എന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ സിവില്‍ കേസ് കൂടി വന്നാല്‍ സ്വത്തു കണ്ടുകെട്ടുന്ന നടപടി ആരംഭിക്കും. ഹര്‍ത്താലിന് അക്രമം കാണിക്കുന്നവരുടെയും പൊതുമുതല്‍ നശിപ്പിക്കുന്നവരുടെയും സ്വത്തു കണ്ടുകെട്ടുമെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തേ വ്യക്തമാക്കിയിരുന്നു