തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന കലാപത്തിന് കാരണം സർക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമുള്ള എൻ.എസ്.എസിന്റെ പരാമർശത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വസ്തുനിഷ്ടമായി പരിശോധിക്കാൻ എൻ.എസ്.എസ് തയ്യാറാവുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.എൻ.എസ്.എസ് ഉപ്പോൾ സ്വീകരിച്ച നിലപാട് കലാപകാരികളെ പ്രത്സാഹിപ്പിക്കുന്നതാണ്. ആർ.എസ്.എസിനെ പിന്തുണയ്ക്കുന്ന നിലപാട് എൻ.എൻ.എസ് സ്വീകരിക്കരുതെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
എൻ.എസ്.എസിന്റെ പരാമർശം വളരെ അത്ഭുതപ്പെടുത്തുന്നതാണ്. ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ പാർട്ടിനയം നടപ്പിലാക്കുന്നുണ്ടെന്നാണ് എൻ.എസ്.എസിന്റെ ആക്ഷേപം. എന്നാൽ 2007ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം വ്യക്തമാക്കുന്നതാണ്. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന സുകുമാരാൻ നായരുടെ ആക്ഷേപം തെറ്റാണെന്നും നവോത്ഥാന ചരിത്രം ഓർമ്മിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്ന് കടകംപള്ളി കൂട്ടിച്ചേർത്തു. നിരീശ്വരവാദം ഉയർത്തിപ്പിടിക്കുന്ന ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും, സർക്കാർ ആ ബാധ്യത നടപ്പാക്കിയില്ലെങ്കിൽ ജനം തെരുവിലിറങ്ങുന്നതിൽ തെറ്റില്ലെന്നും സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞത്. ജനങ്ങൾ നൽകിയ അധികാരം കൈയിൽ വച്ച് പാർട്ടി നയം നടപ്പാക്കുകയാണെന്നും, സമാധാനപരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നത് സർക്കാരാണെന്നും എൻ.എസ്.എസ് വിമർശിക്കുന്നു.
അനാവശ്യമായി നിരോധനാജ്ഞ നടപ്പിലാക്കുക, നിരപരാധികളായവരെ കേസിൽ കുടുക്കുക, നാട്ടിൽ അരാജകത്വം സൃഷ്‌ടിക്കുക, ഹൈന്ദവാചാര്യന്മാരെ നികൃഷ്‌ടമായി അധിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു.