വീടും അതിന്റെ പരിസരവും എപ്പോഴും പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലാവണം. ഇക്കാര്യത്തിൽ ശാസ്ത്രപ്രകാരം വീടിന് ചുറ്റും വരേണ്ട മരങ്ങളുടെയും മറ്റും ശരിയായ വിവരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ് എന്നിവയാണ് വീടിനുചുറ്റും വയ്ക്കാവുന്ന ഫലവൃക്ഷങ്ങൾ. അതിൽ കിഴക്കുഭാഗത്ത് പ്ലാവും, തെങ്ങ്, കവുങ്ങ്, പടിഞ്ഞാറുഭാഗത്ത് തെങ്ങ്, വടക്കുഭാഗത്ത് മാവുമാണ് ശാസ്ത്രപ്രകാരം സ്ഥാനം കല്പിച്ചിട്ടുള്ളത്. എന്നാൽ ഇവയെല്ലാം വിപരീതസ്ഥാനത്തോ മറ്റു സ്ഥാനത്തോ വന്നാൽ അത് ദോഷമായി കാണേണ്ട കാര്യമില്ല. ഫലവൃക്ഷങ്ങൾ വീടിന്റെ ഏത് ഭാഗത്ത് വന്നാലും തെറ്റില്ല. നേരത്തെ സൂചിപ്പിച്ച ദിശകളിൽ അതാത് വൃക്ഷങ്ങൾ വരുന്നത് അത്യുത്തമം എന്ന് മാത്രമെ കാണേണ്ടതുള്ളൂ. അതേ സമയം പ്രത്യേക സ്ഥാനങ്ങളിൽ മാത്രം വയ്ക്കാവുന്ന വൃക്ഷങ്ങളും ഉണ്ട്. പേരാൽ വീടിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ വരാവൂ. തെക്കുഭാഗത്ത് അത്തിമരവും പടിഞ്ഞാറ് അരയാലും വടക്കുഭാഗത്ത് ഇത്തിയും ആണ് വരേണ്ടത്. ഈ നാല് വൃക്ഷങ്ങളെയും നാല്പാമരം എന്നാണ് അറിയപ്പെടുന്നത്.