modi

ന്യൂ‌ഡൽഹി: പുതുവത്സരദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ ഏജൻസിയായ എ.എൻ.ഐക്കു നൽകിയ അഭിമുഖം മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അപൂർവമായ മാത്രം മാദ്ധ്യമങ്ങളെ കാണുന്ന മോദി നൽകിയ അഭിമുഖത്തെ കുറിച്ച് ‘രചിച്ചുണ്ടാക്കിയ അഭിമുഖത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി പരിഹസിക്കപ്പെടുന്നു’ എന്ന തലക്കെട്ടോടെയാണ് രാജ്യാന്തര മാദ്ധ്യമമായ 'ദി ഗാർഡിയൻ' ലോക വാർത്താ വിഭാഗത്തിൽ വാർത്ത നൽകിയത്.

‘കടുപ്പമേറിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാത്ത മോദിക്ക് മാദ്ധ്യമങ്ങളെ പേടിയാണെന്ന് ആരോപിക്കപ്പെടുന്നു’ എന്ന വാചകത്തോടെയാണ് ലേഖനത്തിന്റെ തുടക്കം. എ.എൻ.ഐയ്‌ക്ക് നൽകിയ അഭിമുഖം തിരക്കഥ രചിച്ചതാണെന്ന മാദ്ധ്യമപ്രവർത്തകരുടേയും പ്രതിപക്ഷ പാർടികളുടേയും വിമർശനങ്ങളും ലേഖനത്തിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.

മോദിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം അവസാനം ഒരു അഭിമുഖം നൽകാൻ നിർബന്ധിതനായതെന്ന രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായവും ലേഖനത്തിലുണ്ട്. ‘മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് പരിഹസിക്കപ്പെട്ട മൻമോഹൻ സിംഗ് പോലും നിരന്തരം മാദ്ധ്യമങ്ങളെ കാണാറുണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് മാദ്ധ്യമങ്ങളെ പേടിയില്ലെന്നും കാര്യങ്ങൾ ജനങ്ങൾക്ക് മുമ്പിൽ മാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കാറുണ്ടെന്നും മുമ്പ് മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട്.

വിദേശയാത്രകളിലും മൻമോഹന്‍ സിംഗ് മാദ്ധ്യമപ്രവർത്തകരെ കൂടെ കൂട്ടുമായിരുന്നു. അതേസമയം, മോദി മാദ്ധ്യമപ്രവർത്തകരെ കൂടാതെയാണ് വിദേശയാത്രകൾ നടത്താറുളളത്. ശബരിമല വിഷയം മുതൽ രാമക്ഷേത്രം വരെ അഭിമുഖത്തിൽ പരാമർശിച്ചെങ്കിലും ഇതൊക്കെ മുമ്പ് മോദിയുടെ പ്രസംഗത്തിലെ വാക്കുകൾ മാത്രമാണെന്നാണ് ആക്ഷേപം. മോദി തന്നെ ചോദ്യം ചോദിച്ച് മോദി തന്നെ ഉത്തരം പറയുകയായിരുന്നുവെന്ന് പലരും പരിഹസിച്ചിരുന്നു.