kodiyeri-

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തലൂടെ ആചാരങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ. സുകുമാരൻ നായരുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വാസികളുടെ പേരിൽ വർഗ്ഗീയത പ്രചരിപ്പിക്കാൻ ബി.ജെ.പിയെ സഹായിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം വിമോചന സമരം നടത്താൻ ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ് എല്ലാ മതവിശ്വാസികളും സർക്കാരിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തത്. അത് ആർ.എസ്.എസിന്റെ കലാപശ്രമങ്ങൾക്ക് ഉത്തേജനം നൽകാനുള്ള ഉദ്ദേശത്തോടെയാണെന്നും പ്രസ്താവനയിൽ പറയുന്നു.

വിശ്വാസത്തെ സംരക്ഷിക്കുന്ന പ്രവർത്തനം മാത്രമേ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാവുകയുള്ളു. 1957ന് ശേഷം കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയപ്പോഴെല്ലാം നിരീശ്വര വാദികൾ എന്ന് മുദ്രകുത്തി പാർട്ടിയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ജനങ്ങൾക്കിടയിൽ പ്രത്യേകിച്ചും വിശ്വാസികൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത വർദ്ധിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആചാരാനുഷ്ഠാനങ്ങളെല്ലാം ഭരണഘടനയ്ക്ക് വിധേയമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ശബരിമലയിൽ നേരത്തേ ഉണ്ടായിരുന്ന പല ആചാരങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്. മകരവിളക്ക് കൊളുത്താനും,​ തേനഭിഷേകം നടത്താനും മലയരയൻമാർക്കുണ്ടായിരുന്ന അവകാശം നിഷേധിച്ചപ്പോൾ ആചാര ലംഘനം ഉണ്ടായെന്ന് തോന്നാഞ്ഞത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

നിലവിൽ സംസ്ഥാനത്ത് നടത്തുന്ന അക്രമങ്ങൾ ആർ.എസ്.എസിനെ സഹായിക്കാൻ മാത്രമേ ഉപകരിക്കു. സുപ്രീംകോടതി വിധിയിൽ മാറ്റം വരുത്താനുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിന് പകരം സർക്കാരിനെതിരെ കലാപം നടത്തുന്നത് വിജയിക്കാൻ പോകുന്നില്ലെന്നും പ്രസ്താവനയിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.