തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന കലാപത്തിന് കാരണം സർക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമുള്ള എൻ.എസ്.എസ് പരാമർശത്തിൽ രോഷം പ്രകടിപ്പിച്ച് സി.പി.എമ്മും സി.പി.ഐയും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായാണ് നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയിരിക്കുന്നത്.
എൻ.എസ്.എസ് ഉപ്പോൾ സ്വീകരിച്ച നിലപാട് കലാപകാരികളെ പ്രത്സാഹിപ്പിക്കുന്നതാണ്. ആർ.എസ്.എസിനെ പിന്തുണയ്ക്കുന്ന നിലപാട് എൻ.എൻ.എസ് സ്വീകരിക്കരുതെന്നും കടകംപള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എൻ.എസ്.എസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. എൻ.എസ്.എസ് സമദൂരത്തോടെയല്ല കാര്യങ്ങൾ കാണുന്നത്. സമൂഹത്തെ വിശ്വാസത്തിന്റെ പേരിൽ വിഭജിച്ച് ഇടതുപക്ഷത്തെ എതിർക്കുന്നു. എൻ.എസ്.എസിന്റെ ശ്രമം നടക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
എൻ.എസ്.എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണ്. അബദ്ധങ്ങളിലേക്കാണ് അവർ പോകുന്നത്. ഇത്തരം പ്രസ്താന നടത്തരുതായിരുന്നു. സംഘപരിവാറിനെ പിന്തുണക്കുന്ന നിലപാട് തിരുത്തണമെന്നും മന്ത്രി ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.
ആർ.എസ്.എസിന്റെ കലാപശ്രമങ്ങൾക്ക് ഉത്തേജനം നൽകുന്ന പ്രസ്താവനയാണ് എൻ.എസ്.എസിന്റേത്. ആചാരത്തിന്റെ പേരിൽ സർക്കാരിനെതിരെയുള്ള പടയൊരുക്കം ആർഎസ്എസിനെ സഹായിക്കാനാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും, സർക്കാർ ആ ബാധ്യത നടപ്പാക്കിയില്ലെങ്കിൽ ജനം തെരുവിലിറങ്ങുന്നതിൽ തെറ്റില്ലെന്നും സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞത്. ജനങ്ങൾ നൽകിയ അധികാരം കൈയിൽ വച്ച് പാർട്ടി നയം നടപ്പാക്കുകയാണെന്നും, സമാധാനപരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നത് സർക്കാരാണെന്നും എൻ.എസ്.എസ് വിമർശിക്കുന്നു.
അനാവശ്യമായി നിരോധനാജ്ഞ നടപ്പിലാക്കുക, നിരപരാധികളായവരെ കേസിൽ കുടുക്കുക, നാട്ടിൽ അരാജകത്വം സൃഷ്‌ടിക്കുക, ഹൈന്ദവാചാര്യന്മാരെ നികൃഷ്‌ടമായി അധിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു.