rahul-gandhi

ന്യൂഡൽഹി: ലോക്‌സഭയിൽ റാഫേൽ ചർച്ചയ്‌ക്കിടെ ഒരു ലക്ഷം കോടി രൂപയുടെ കരാർ കേന്ദ്ര സർക്കാർ നൽകിയതായി പാർലമെന്റിൽ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ കള്ളം പറഞ്ഞുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വ്യക്തമാക്കി. ഇതിൽ പാർലമെന്റിൽ തെളിവ് നൽകുകയോ മന്ത്രി രാജി വയ്‌ക്കുകയോ ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡി(എച്ച് എ എൽ)ന് ഒരുലക്ഷം കോടിരൂപയുടെ കരാർ മോദി സർക്കാർ നൽകിയെന്നാണ് പ്രതിരോധമന്ത്രിയുടെ അവകാശവാദം. എന്നാൽ, എച്ച്.എ.എൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവനക്കാർക്ക് ശമ്പളം നൽകാൻ ആയിരം കോടിരൂപ വായ്‌പയെടുക്കാൻ പോവുകയാണെന്നും മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ രംഗത്തെത്തിയത്.

നേരത്തെ സീതാരാമൻ താൻ ഉന്നയിച്ച രണ്ട് ലളിതമായ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകിയില്ലെന്ന് രാഹുൽ ട്വിറ്ററിൽ ആരോപിച്ചിരുന്നു. എല്ലാ ഇന്ത്യക്കാരും ഇക്കാര്യം പ്രധാനമന്ത്രിയോടും മന്ത്രിമാരോടും ചോദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ ചോദ്യം ചോദിക്കുമ്പോൾ പ്രതിരോധമന്ത്രി മൗനം പാലിക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പോസ്‌റ്റ് ചെയ്‌തിരുന്നു. അനിൽ അംബാനിക്ക് ഓ‌‌ഫ്‌സെറ്റ് കരാർ എങ്ങനെ ലഭിച്ചെന്നും എച്ച്.എ.എല്ലിനെ ഒഴിവാക്കാനുള്ള തീരുമാനം ആരെടുത്തെന്നും ലോക്‌സഭയിൽ രാഹുൽ ചോദിച്ചിരുന്നു.

പെട്ടെന്ന് ഇടപാട് നടത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രതിരോധമന്ത്രാലയം, വ്യോമസേന ഉദ്യോഗസ്ഥർ ആരെങ്കിലും എതിർത്തോ എന്നായിരുന്നു രണ്ടാം ചോദ്യം. 30,000 കോടി രൂപയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓ‌‌ഫ്സ‌െറ്റ് കരാറും ഒരു ലക്ഷം കോടി രൂപയുടെ ആജീവനാന്ത അവസരങ്ങളും ലഭിച്ചെന്ന് വെളിപ്പെടുത്തിയ അനിൽ അംബാനിയുടെ പേര് പ്രതിരോധമന്ത്രി പരാമർശിച്ചില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.