ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ എത്ര ചിന്തിച്ചാലും ചർച്ചചെയ്താലും എങ്ങുമെത്തുകയില്ല. അതുപോലെ തന്നെ മറ്റു ചില കാര്യങ്ങൾ എത്ര കണ്ടാലും കേട്ടാലും മതിയാവുകയുമില്ല. ഇതു രണ്ടും രണ്ടുതരത്തിലുള്ള അപൂർണതകളാണ്. ഒന്നു വിരസതയുണ്ടാക്കുന്ന അപൂർണതയാണെങ്കിൽ മറ്റേതു രസമുണ്ടാക്കുന്ന അപൂർണതയാണ്. വ്യക്തിസംബന്ധമായ ഈ അപൂർണതകളെല്ലാം ഒരുപോലെ ജീവിതത്തിനു വിനാശകരങ്ങളായി ഭവിക്കുന്നതാണ്. എന്നിരുന്നാലും നമ്മളെല്ലാം അത്തരം കാര്യങ്ങളെ എപ്പോഴും ആവേശപൂർവം താലോലിച്ചു കൊണ്ടുതന്നെയാണിരിക്കുന്നതും. അതിനു കാരണം മനസിന്റെ പരിധിയില്ലാത്ത മോഹാവേശങ്ങളും ജിജ്ഞാസകളും പ്രത്യാശകളുമൊക്കെയാണ്.
എവിടെയാണ് സന്തോഷം അല്ലെങ്കിൽ സമാധാനം കിട്ടുന്നതിനുള്ള ഇടമിരിക്കുന്നത് എന്നറിയായ്കയാൽ മനസ് എല്ലാ ഇടങ്ങളിലേക്കും നിയന്ത്രണമേതുമില്ലാതെ കടന്നു ചെല്ലുകയാണ് ചെയ്യുന്നത്. ശരിയായ സ്നേഹവും ശരിയായ വിശ്വാസവും ശരിയായ ലക്ഷ്യവും ഇല്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണിത്.
ഒരിക്കൽ ന്യൂക്ലിയർ യുദ്ധം കൊണ്ടുണ്ടാകുന്ന വിനാശങ്ങളെക്കുറിച്ച് റഷ്യ, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രപ്രതിഭകളും മതനേതാക്കന്മാരും മോസ്കോയിൽ ഒന്നിച്ചുകൂടി ചിന്തിക്കുകയും ചർച്ചചെയ്യുകയുമുണ്ടായി. അവരുടെ ചിന്തയും ചർച്ചയും എങ്ങുമെത്തിയില്ലെങ്കിലും ന്യൂക്ലിയർ യുദ്ധത്തെപ്പറ്റിയുള്ള ഭീതി കൂട്ടാൻ അവർക്കായി. അവരിൽ ആർക്കും തന്നെ അവർ സമ്പാദിച്ചു കൂട്ടിയ ശാസ്ത്ര-മത ബോധത്തിൽ നിന്നും സമാധാനത്തിന്റെ ഒരു കൈത്തിരി കൊളുത്തിവയ്ക്കാൻ കഴിഞ്ഞതുമില്ല. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ആഫ്രിക്കക്കാരനായ ഒരു കൊച്ചുമനുഷ്യൻ എഴുന്നേറ്റ് വളരെ വിനയാന്വിതനായി തന്റെയുള്ളിലുണ്ടായ ഒരു ചിന്ത ഇങ്ങനെ പങ്കുവെച്ചു.
'ഈ ലോകം ദൈവത്തിന്റെ ഇച്ഛയിൽ നിന്നും സൃഷ്ടമായതാണ്. ദൈവത്തിന്റെ ഇച്ഛയെ ഒരു ന്യൂക്ലിയറിനും ഇല്ലായ്മ ചെയ്യാൻ സാധിക്കുകയില്ല. ഇപ്രകാരം ദൈവം രക്ഷകനായുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവന്റെ സമാധാനത്തെ ഒരു ശാസ്ത്രത്തിനും ഒരു മതത്തിനും നശിപ്പിക്കാനാവുകയുമില്ല. നിങ്ങളെല്ലാം സമാധാനചിത്തരായി മടങ്ങിപ്പോകുവിൻ.'
ആ നേരത്ത് യുദ്ധഭീതിയുടെ പിരിമുറുക്കത്താൽ വീർപ്പുമുട്ടിയിരുന്ന ശാസ്ത്രജ്ഞന്മാരും മതനേതാക്കന്മാരും അതു കേട്ടിട്ട് അതുവരെയില്ലാതിരുന്ന ഒരു പ്രത്യാശയോടെ പരസ്പരം നോക്കി ആശ്വാസം കൊണ്ടു.
ഇതൊരു വിശ്വാസത്തിന്റെ സ്നേഹത്തിന്റെ സമാധാനത്തിന്റെ നേരായ തലോടലാണ്. മനുഷ്യൻ സങ്കല്പിച്ചുണ്ടാക്കുന്നതെല്ലാം പിരിക്കാനാവുന്നതും നശിപ്പിക്കാനാവുന്നതുമാണെങ്കിൽ ദൈവം കല്പിച്ചുണ്ടാക്കുന്നതെല്ലാം പിരിക്കാനാവാത്തതും നശിപ്പിക്കാനാവാത്തതുമാണ്. ആ സത്യത്തിന്റെ ബലത്തിലല്ലാതെ മനുഷ്യന് ഒരിക്കലും സമാധാനവും സ്നേഹവും ഉണ്ടാകുന്നതല്ലെന്ന തിരിച്ചറിവാണ് വാസ്തവത്തിൽ അവിടെ കൂടിയിരുന്നവരുടെ ഭയത്തെ അല്പനേരത്തേക്കെങ്കിലും ശമിപ്പിക്കാൻ ഇടയാക്കിയത്.
പൂർണതയാണ് ദൈവത്തിന്റെ അഥവാ പ്രപഞ്ചസ്രഷ്ടാവിന്റെ സ്വരൂപം. എന്നാൽ മനുഷ്യൻ ശാസ്ത്രജ്ഞനായാലും ഭിഷഗ്വരനായാലും അദ്ധ്യാപകനായാലും ഭരണതന്ത്രജ്ഞനായാലും പൂർണനായി ഭവിക്കുന്നില്ല. ഇങ്ങനെ അപൂർണനായിരിക്കുന്ന മനുഷ്യൻ പൂർണതയുടെ സ്വരൂപമായിരിക്കുന്ന ദൈവത്തിൽ തന്റെ ഹൃദയത്തെ സമർപ്പിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ അപൂർണതയുണ്ടാക്കുന്ന ഏതൊരു വിനാശത്തിന്റെ ഭാരത്തിൽ നിന്നും അല്പമാത്രമായിട്ടെങ്കിലും അവനു വിടുതൽ നേടുവാനാകും.
പ്രാപഞ്ചികമായ അളവുകളും വർണനകളുമൊക്കെ വച്ചുകൊണ്ടാണ് മനുഷ്യൻ ദൈവത്തെ അറിയാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മനുഷ്യനു ഒരിക്കലും ദൈവത്തിന്റെ സ്വരൂപത്തെ അറിയാൻ ഇടയാകാതിരിക്കുന്നതും. പ്രാഥമികമായി ഈ ബോധം നമുക്ക് എന്നുണ്ടാകുന്നുവോ അന്നേ ദൈവം എന്ന ശബ്ദത്തിലും പൊരുളിലും നമുക്ക് വിശ്വാസമുണ്ടാവുകയുള്ളൂ. ഒന്നിലും വിശ്വാസമില്ലാത്തവനാണ വേഗം കലഹിക്കുന്നത്. കലഹമെന്നത് നാശത്തിന്റെ വാതിലാണ്. ആ വാതിലിനെ അടയ്ക്കാനുള്ള ഏറ്റവും ഭദ്രമായ സാക്ഷയാണ് വിശ്വാസം. അതു ശ്വാസം പോലെ സ്വതന്ത്രമായിരിക്കണം. മനുഷ്യന് ഒരു നേരത്തും കലഹിക്കുവാനാകാത്ത ഒരേയൊരു പ്രവർത്തിയാണ് അവന്റെ ശ്വാസോച്ഛ്വാസമെന്നത്. അതുകൊണ്ടാണു വിശ്വാസവും അതുപോലെയായിരിക്കണമെന്നു പറയുന്നത്.
ഈ ലോകത്തെ നാം നേരിൽ കാണുന്നതു പുറമേക്കു തുറന്നിരിക്കുന്ന നമ്മുടെ രണ്ടു ചെറിയ കണ്ണുകൾ കൊണ്ടാണെങ്കിലും ആ കണ്ണിനെ നേരിൽ കാണുവാനുള്ള ഒരു കണ്ണു നമുക്ക് ദൈവം തന്നിട്ടില്ല. എന്നാൽ പുറമേക്കു തുറന്നിരിക്കുന്ന കണ്ണു കൊണ്ടു കാണാനാവാത്തതിനെവരെ കാണുവാനുള്ള ഒരു കണ്ണ് നമ്മുടെ ഉള്ളിൽ വച്ചു തരികയും ചെയ്തിട്ടുണ്ട്.
ഇതാണു ദൈവത്തിന്റെ സംരചനാവിശേഷം, ആ സംരചനയിൽ കൈവയ്ക്കുവാനുള്ള ശേഷിയോ ബുദ്ധിയോ മനുഷ്യനില്ല. എന്തുകൊണ്ടെന്നാൽ മനുഷ്യൻ ദൈവത്തെയും ദൈവത്തിന്റെ പ്രപഞ്ചരചനയെയും കാണുന്നതും നിർവചിക്കുന്നതും അനുഭവിക്കാൻ ശ്രമിക്കുന്നതും അവന്റെ ഭക്തിയും ബുദ്ധിയും ഒന്നിപ്പിച്ചുകൊണ്ടാണ്. എന്നാൽ ദൈവം സർവരചനകളും നടത്തിയിരിക്കുന്നതാകട്ടെ നേരിന്റെ ഒരിക്കലും വറ്റാത്ത നീരുകൊണ്ടാണ്. ആ നീരിനെ ഒരു കണ്ണുകൊണ്ടും കാണാനാവില്ല. ഇവിടെയാണ് വിശ്വാസത്തിന്റെ ഒരു വേരു വളർത്തി നമ്മുടെ മനസിനെ നേരിൽ ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് അനിവാര്യമായിത്തീരുന്നത്. ഈവിധം വിശ്വാസമുള്ളവനേ സ്നേഹിക്കാനും സ്നേഹം പങ്കുവയ്ക്കാനും സന്തോഷിക്കാനും സന്തോഷം പങ്കിടാനും സാധ്യമാവുകയുള്ളൂ.
അതുകൊണ്ട് ഏതൊരാളും ഉത്കൃഷ്ടമായൊരു ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആദ്യം വിശ്വാസം ഉള്ളവനായിത്തീരുകയാണ് വേണ്ടത്. ആ വിശ്വാസത്തിന്റെ വേരു നേരിൽ ഉറച്ചിരിക്കുന്നതായിരിക്കണമെന്നു മാത്രം. അങ്ങനെയൊരു വിശ്വാസത്തെ ഉണ്ടാക്കേണ്ടതും ദൃഢമാക്കി നിർത്തേണ്ടതും അവനവൻ തന്നെയാണ്. വിശ്വാസം പലതിന്റെയും ഉല്പന്നമായി വിപണനം ചെയ്യപ്പെടുന്ന കാലത്ത് ഉറച്ചവിശ്വാസമില്ലാത്തവനും തന്റെ വിശ്വാസത്തിൽ സ്വാതന്ത്ര്യമില്ലാത്തവനും അന്ധവിശ്വാസത്തിന്റെ താഴ്ചയിൽ നിന്നും താഴ്ചയിലേക്കു നിപതിച്ചുകൊണ്ടിരിക്കും.
വിശ്വാസസ്വാതന്ത്ര്യത്തിന്റെ വലിയ പ്രകാശം പരത്തിയ ദാർശനികനായ മഹർഷിയായിരുന്നു ശ്രീനാരായണഗുരുദേവൻ. ആ അനുപമവും അമേയവുമായ ജീവിതത്തിലേക്ക് നോക്കുന്നതായാൽത്തന്നെ വിശ്വാസത്തിന്റെ ഒരു ആനന്ദക്കടലിലിറങ്ങുന്ന അപൂർവമായൊരു അനുഭവം നമുക്കുണ്ടാവും. ചിന്തകൾക്ക് മംഗളകരമായ പരിസമാപ്തിയുണ്ടാകുന്നതും കണ്ടതിലും കേട്ടതിലും പറഞ്ഞതിലും ഒരുവനു സംതൃപ്തിയുണ്ടാകുന്നതും ഭയത്തിൽ നിന്നും വിടുതൽ നേടാനാവുന്നതും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉയരത്തിലേക്കു ഒരു പറവയെപ്പോലെ പറന്നുയരാനാകുന്നതുമെല്ലാം നേരായ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുമ്പോഴാണ്. 'വിശ്വാസം രക്ഷിച്ചു' എന്ന ഗുരുവിന്റെ ഇരട്ടവാക്കുകൾ കൊണ്ട് ഈ പുതുവർഷാരംഭത്തിൽ നമുക്ക് ഒരു തുലാഭാരം നടത്താം.