-pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണ്. ബോധപൂർവ്വം കലാപം സൃഷ്ടിക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും സി.പി.എമ്മും. കേരളത്തിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് ആക്കം കൂട്ടുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് കലാപ സാധ്യത കാണിച്ചുള്ള ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടും ശ്രദ്ധിച്ചില്ലന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്ന കാര്യത്തിൽ പൊലീസ് സമ്പൂർണ്ണ പരാജയമെന്നും ചെന്നിത്തല പറ‌ഞ്ഞു.

കേരളത്തിൽ സംഘപരിവാറിനെ ശക്തിപ്പെടുത്തലാണ് സി.പി.എം അജണ്ടയെന്നും സർക്കാരിനെ വിമർശിക്കുന്നവരെ സംഘപരിവാർ ആക്കി മാറ്റരുതെന്നും ചെന്നിത്തല പറ‌ഞ്ഞു. ആർ.എസ്.എസുകാരും സി.പി.എമ്മുകാരും ചേർന്ന് ആരാധനാലയങ്ങൾ നശിപ്പിക്കുന്നു. എല്ലാ അക്രമസംഭവങ്ങളിലും വലയുന്നത് സാധാരണക്കാരാണ്. എട്ടിനും ഒൻപതിനുമുള്ള പൊതുപണിമുടക്ക് ഹർത്താൽ ആക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.