ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ആംആദ്മി പാർട്ടി നേതാവുമായ എച്ച്.എസ് ഫൂൽക്ക പാർട്ടിയിൽ നിന്നും രാജിവച്ചതിനുപിന്നാലെ പഞ്ചാബ് നിയമസഭാംഗം സുഖ്പാൽ ഖൈരയും പാർട്ടി വിട്ടു. കേജ്‌രിവാളിനെ വിമർശിച്ചതിന് കഴിഞ്ഞ വർഷം നവംബറിൽ ഖൈരയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ശിരോമണി അകാലിദൾ നേതാവ് ബിക്രം മജീതിയയെ മയക്കുമരുന്ന് മാഫിയ തലവൻ എന്ന് വിശേഷിപ്പിച്ചതിന് കേജ്‌രിവാൾ ഖേദം പ്രകടിപ്പിച്ചതിനെ ഖൈര വിമർശിച്ചിരുന്നു. കഴിഞ്ഞ ജൂലെെയിൽ ഖൈരയെ പഞ്ചാബിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പാർട്ടി നീക്കിയിരുന്നു.
എച്ച്.എസ് ഫൂൽക്ക കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നും പാർട്ടിയുമായുള്ള പ്രശ്‌നങ്ങളല്ലെന്നും ആംആദ്മി പാർട്ടി വിശദീകരിച്ചിരുന്നു. അതേസമയം, ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യത്തിന് ശ്രമിക്കുന്നതാണ് രാജിയിലേക്ക് നയിച്ച പ്രധാനകാരണമെന്നാണ് റിപ്പോർട്ട്. അടുത്തിടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയും ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളും പ്രതിപക്ഷ പാർട്ടി വേദി പങ്കിട്ടത് ഇരുപാർട്ടികളും സഖ്യസാദ്ധ്യത തേടുന്നതായുള്ള സൂചനകൾ ശക്തമാക്കിയിരുന്നു.