കക്ഷി രാഷ്ട്രീയ ഭേദമന്യേ തുടർച്ചയായി പ്രഖ്യാപിക്കുന്ന ഹർത്താലുകളിൽ വലയുന്നവരാണ് മലയാളികൾ. പുതുവർഷത്തിലെങ്കിലും ഹർത്താലിൽ നിന്നും ഒരു മോചനമുണ്ടാവുമെന്ന പ്രതീക്ഷയിൽ കഴിയുന്നവർക്ക് മേൽ ഇടിത്തീയായി വീണ്ടും ഹർത്താൽ വന്ന് കഴിഞ്ഞു, കൂടാതെ വരുന്ന ചൊവ്വ, ബുധൻ തീയതികളിൽ ദേശീയ പണിമുടക്ക് കൂടി വരികയാണ്.
ജനുവരി 8,9 തീയതികളിൽ പണിമുടക്കിൽ പ്രകോപനമോ അക്രമമോ ഉണ്ടാക്കില്ലെന്നും,ജോലിക്കെത്തുന്നവരെ തടയില്ലെന്നും സംഘാടകർ അറിയിച്ച് കഴിഞ്ഞു. ഹർത്താൽ, പണിമുടക്ക് എന്ന് കേൾക്കുന്ന മാത്രയിൽ വീട്ടിൽ ചടഞ്ഞിരിക്കുന്നവരാണ് പൊതുവെ കേരളീയർ. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുതകുന്ന കുറിപ്പ് ഫേസ്ബുക്കിലിട്ടിരിക്കുകയാണ് മനോജ് രവീന്ദ്രൻ.
പണിമുടക്കാതെ മുന്നോട്ട് പോകുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അക്കമിട്ട് പറഞ്ഞുകൊണ്ടുള്ള ഒരു പണിമുടക്കാണ് വരുന്നത്. പണിമുടക്കിൽ ആരെയും നിർബന്ധിച്ച് ചേർക്കില്ലെന്ന് നേതാക്കൾ പറഞ്ഞ സ്ഥിതിക്ക് ഇനി തീരുമാനിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും നിങ്ങൾ ഓരോരുത്തരുമാണെന്ന് മനോജ് രവീന്ദ്രൻ കുറിക്കുന്നു. അടച്ചുപൂട്ടി വീട്ടിലിരിക്കാനാണ് താൽപ്പര്യമെങ്കിൽ അത് തുടരാനും അതല്ല കേരളത്തിന്റെ ഇന്നത്തെ നിലയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് സാധിച്ചെടുക്കാനുള്ള അവസരമായി ഈ പണിമുടക്കിനെ കാണാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനുവരി 8,9 തീയതികളിൽ പണിമുടക്ക് മാത്രം. ഹർത്താൽ അല്ലേയല്ല.
1. നിർബന്ധിച്ച് കടയടപ്പിക്കില്ല.
2. കടകൾ നശിപ്പിക്കില്ല.
3. വാഹനങ്ങൾ തടയില്ല.
4. സ്വകാര്യവാഹങ്ങളെ ആക്രമിക്കില്ല.
5. തീവണ്ടി തടയില്ല.
6. പ്രകോപനമോ അക്രമമോ ഉണ്ടാക്കില്ല.
7. ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല.
8. ഒരുവിധ ബലപ്രയോഗവും ഒരിടത്തും ഉണ്ടാകില്ല.
9. വിനോദാസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
10. സഞ്ചാരികളെ തടയില്ല.
11. സഞ്ചാരികൾക്ക് പ്രയാസമുണ്ടാകുന്ന ഒന്നും ഉണ്ടാക്കില്ല.
ട്രേഡ് യൂണിയൻ നേതാക്കളും ഇടതുപക്ഷ നേതാക്കന്മാരായ ഇളമരം കരീമും കൊടിയേരി ബാലകൃഷ്ണനും അറിയിച്ചിട്ടുള്ള കാര്യങ്ങളാണിത്. നാളെ അർദ്ധരാത്രി മുതൽ 48 മണിക്കൂർ നേരത്തേക്ക് നടക്കാൻ പോകുന്നത് ഹർത്താൽ അല്ല. പണിമുടക്ക് മാത്രമാണ്. പണിമുടക്കാതെ മന്നോട്ട് പോകുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അക്കമിട്ട് പറഞ്ഞുകൊണ്ടുള്ള ഒരു പണിമുടക്ക്.
ഇനി തീരുമാനിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും നിങ്ങൾ ഓരോരുത്തരുമാണ്. നിങ്ങൾക്കിപ്പോളും അടച്ചുപൂട്ടി വീട്ടിലിരിക്കാനാണ് താൽപ്പര്യമെങ്കിൽ (അത് ഭയത്തിന്റെ പേരിലായാലും പണിയെടുക്കാതെ തിന്നാനുള്ള ആഗ്രഹത്തിന്റെ പേരിലായാലും) നിങ്ങളത് തുടരുക. അതല്ല, കേരളത്തിന്റെ ഇന്നത്തെ നിലയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് സാധിച്ചെടുക്കാനുള്ള അവസരം നിങ്ങളുടെ കൈയിൽ എത്തിയിരിക്കുകയാണ്. ആലോചിച്ച് മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കുക, പ്രാവർത്തികമാക്കുക.