k-surendran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടി നേതാവ് വർഗീയകലാപമുണ്ടാക്കാനായി പള്ളി ആക്രമിച്ചെന്ന് സുരേന്ദ്രൻ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇരുപതോളം സി. പി. എം പ്രവർത്തകർ പേരാമ്പ്രയിലെ പുരാതനമായ മുസ്ളീം പള്ളി ആക്രമിച്ച കേസിന്റെ എഫ്.ഐ.ആറിൽ വർഗീയ കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് പറയുന്നുണ്ട്. നാട്ടിലെ നല്ലവരായ മുസ്ളീം സഹോദരൻമാർക്കും സത്യസന്ധരായ ഏതാനും പൊലീസുകാർക്കും ബോദ്ധ്യപ്പെട്ടതുകൊണ്ട് ഒരു വലിയ കലാപം ഒഴിവായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

പേരാമ്പ്ര എന്നു പറഞ്ഞാൽ മന്ത്രി ടി. പി. രാമകൃഷ്ണന്റെ സ്വന്തം നാട്. നിരന്തരം വർഗ്ഗീയലഹള നടക്കുന്ന നാദാപുരത്തിന് തൊട്ടടുത്ത്. ബഹുമാനപ്പെട്ട ഗവർണർക്ക് കൊടുത്ത റിപ്പോർട്ടിൽ ഈ വിവരം ഉണ്ടോയെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ചോദിക്കുകയാണ്. മിഠായിത്തെരുവിലും പന്തളത്തും വാടാനപ്പള്ളിയിലും എസ്.ഡി.പി.ഐയെ കൂട്ടി രംഗത്തിറങ്ങിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞില്ല,​ അല്ലേ വിജയാ. അതുകൊണ്ടായിരിക്കും സ്വന്തക്കാരനായ മന്ത്രിയുടെ നാട്ടിൽ ഈ പരീക്ഷണം- സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിൽ യുവതി പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാൻഡ് ചെയ്തിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അതുൽ ദാസിനെയാണ് റിമാൻഡ് ചെയ്തത്. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനായിരുന്നു അതുൽ ദാസ് ഉൾപ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സി. പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇരുപതോളം സി. പി. എം പ്രവർത്തകർ പേരാമ്പ്രയിലെ പുരാതനമായ മുസ്ളീം പള്ളി ആക്രമിച്ചതിന്റെ പൊലീസ് എഫ്. ഐ. ആർ ആണിത്. ഇതിൽ പറയുന്നത് വർഗ്ഗീയകലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇത് ചെയ്തത് എന്നാണ്. അതായത് പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടി നേതാവ് വർഗ്ഗീയകലാപമുണ്ടാക്കാനായി പള്ളി ആക്രമിച്ചു. സംഭവത്തിലെ ദുരൂഹത നാട്ടിലെ നല്ലവരായ മുസ്ളീം സഹോദരൻമാർക്കും സത്യസന്ധരായ ഏതാനും പൊലീസുകാർക്കും ബോധ്യപ്പെട്ടതുകൊണ്ട് ഒരു വലിയ കലാപം ഒഴിവായി.

പേരാമ്പ്ര എന്നു പറഞ്ഞാൽ മന്ത്രി ടി. പി. രാമകൃഷ്ണന്റെ സ്വന്തം നാട്. നിരന്തരം വർഗ്ഗീയലഹള നടക്കുന്ന നാദാപുരത്തിന് തൊട്ടടുത്ത്. ബഹുമാനപ്പെട്ട ഗവർണ്ണർക്ക് കൊടുത്ത റിപ്പോർട്ടിൽ ഈ വിവരം ഉണ്ടോ ഡി. ജി. പി ബഹറേ? സംഘകലാപം എന്ന് പറഞ്ഞ് ഞങ്ങളെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ചാനലുകൾ ഇതിന്ന് അന്തിച്ചർച്ചക്ക് എടുക്കുമോ? ഇതു മനസ്സിലാക്കിയല്ലേ കോടിയേരി പൊലീസിനെതിരെ മുൻകൂർ അടിച്ചത്. മിഠായിത്തെരുവിലും പന്തളത്തും വാടാനപ്പള്ളിയിലും എസ്. ഡി. പി. ഐയെ കൂട്ടി രംഗത്തിറങ്ങിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞില്ല അല്ലേ വിജയാ. അതുകൊണ്ടായിരിക്കും സ്വന്തക്കാരനായ മന്ത്രിയുടെ നാട്ടിൽ ഈ പരീക്ഷണം. ജനങ്ങൾ കരുതിയിരിക്കണം.

പിണറായി വിജയനും കൂട്ടർക്കും ശബരിമല കാരണം നഷ്ടമായ ഹിന്ദുവോട്ടുകൾ നികത്താൻ ഇതേ മാർഗ്ഗമുള്ളൂ. ഹിന്ദുമുസ്ളീം ലഹള ഉണ്ടാകണം. സംഘപരിവാർ മുസ്ളീം വേട്ട തുടങ്ങി എന്ന് പ്രചരിപ്പിക്കണം. മുസ്ളീങ്ങളെ സംരക്ഷിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് സ്ഥാപിക്കണം. അങ്ങനെ യു. ഡി. എഫിനൊപ്പം നിൽക്കുന്ന മുസ്ളീങ്ങളെ കൂട്ടത്തോടെ ഇടതുപക്ഷത്തെത്തിക്കണം. പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പരീക്ഷണം നടക്കുന്നത്.