khna

ന്യൂജേഴ്സി: ശബരിമലയിലെ നിർബന്ധിത യുവതീ പ്രവേശനത്തിലൂടെ നടന്ന ആചാരലംഘനം മ വിശ്വാസത്തിനു എതിരെ നടക്കുന്ന കടുത്ത ഭരണകൂട ഭീകരതയുടെ ഏറ്റവും അവസാനത്തെ ദൃഷ്ടാന്തമാണെന്നു കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ). അന്തിമ വിജയം എന്നും ധർമ്മത്തിന്റേതായിരിക്കുമെന്നും ഈ ലക്ഷ്യത്തിലെത്തുംവരെ ശരണ മന്ത്രങ്ങളുടെ കരുത്തോടെ ഹൈന്ദവ വിശ്വാസികൾ ജാഗരൂകരായി നിൽക്കേണ്ട സമയമാണിതെന്നും കെ.എച്ച്.എൻ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇരുട്ടിന്റെ മറവിൽ നീചമായ മാർഗങ്ങളിലൂടെ അയ്യപ്പ ഭക്തരെ അവഹേളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു ഗൂഢാലോചന നടത്തിയവരെയും അതിനു ഒത്താശ ചെയ്തവരെയും ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണം. ഇതിനു നേതൃത്വം വഹിച്ച ജനാധിപത്യ സർക്കാർ ക്ഷമിക്കാനാകാത്ത തെറ്റാണു ഹൈന്ദവ വിശ്വാസികളോട് ചെയ്തത്. സംഘിടതമായ വോട്ടു ബാങ്കല്ല എന്ന ന്യൂനത മുതലെടുത്തു ഹൈന്ദവ വിശ്വാസികളുടെ ആചാര അനുഷ്ഠാനങ്ങൾക്കു പുല്ലുവില കൽപ്പിക്കുന്ന സർക്കാരിന്റെ ധാർഷ്ട്യം അവരുടെ നാശത്തിനു കാരണമാകും. ഇതിലും വലിയ സംഘടിത ആക്രമണങ്ങൾ അതിജീവിച്ച ചരിത്രമുള്ള ഹൈന്ദവ സമൂഹം ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യും. കേരളം മുഴുവൻ തെളിഞ്ഞ അയ്യപ്പ ജ്യോതി ഓരോ ഭക്തന്റെയും മനസ്സിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നുണ്ട്. ഹിന്ദുക്കൾ ഒന്നിക്കുമ്പോൾ ഭയപ്പെടുന്നത് അതിന്റെ വലിപ്പവും മഹത്വവും തിരിച്ചറിഞ്ഞവരാണ്. അത് കൊണ്ട് മതിൽ പണിതു യൂദാസുമാരെ ഉപയോഗിച്ച് ജാതി വിഭജനം നടത്താൻ ശ്രമിച്ചിട്ടും കേരളത്തിലെ ഹിന്ദുക്കൾ മുൻപില്ലാത്ത വിധം ഒരേ മനസോടെ ശരണ മന്ത്രം ഉരുവിട്ട് മുന്നോട്ടു തന്നെ പോകും എന്ന് തെളിഞ്ഞു കഴിഞ്ഞു.

ഒരു കരുത്തുറ്റ പ്രവാസി സംഘടന എന്ന നിലയിൽ കേരളത്തിലെ ഹിന്ദുവിന്റെ വംശ നാശം കൊതിക്കുന്ന ശക്തികളെ എതിർത്ത് തോൽപ്പിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യാൻ കെ.എച്ച്.എൻ.എ ഒരുക്കമാണ്. നോർത്ത് അമേരിക്കയിൽ ഉടനീളം പ്രവർത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച പ്രതിഷേധ പരിപാടികളുമായി തുടർന്നും മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോൻ പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ ഹിന്ദു സമൂഹം താൽക്കാലികമായ തിരിച്ചടികളെ അതി ജീവിച്ചു കൂടുതൽ സംഘടിതമായി കരുത്തോടെ, നിർണായക സമയത്തു പിന്നിൽ നിന്ന് കുത്തിയ ജാതി കോമരങ്ങളെയും, ഹൈന്ദവ മുന്നേറ്റങ്ങളെ അസൂയയോടും അസഹിഷ്ണുതയോടും കാണുന്ന വളരെ കുറച്ചു മാത്രം വരുന്ന വർഗീയ വാദികളെയും നിഷ്പ്രഭമാക്കി മുന്നോട്ടു കുതിക്കുമ്പോൾ അതിൽ ചെറുതെങ്കിലും നിർണായകമായ പങ്കു വഹിക്കാൻ കെ എച് എൻ എ ഉണ്ടാകുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.