ഹൂസ്റ്റൺ: പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ആറാമത് ഗ്ലോബൽ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് യുഎസിലെ പ്രമുഖ മാധ്യമപ്രവത്തകനും പിഎംഎഫ് ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും മാധ്യമ സെമിനാർ കോർഡിനേറ്ററുമായ പി.പി. ചെറിയാൻ അറിയിച്ചു.
അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തിൽ പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയമതവർഗീയജാതി ചിന്താഗതികൾക്കതീതമായി 2008 ആഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ജനുവരി 6 നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി സാജ് എർത്തു റിസോർട് അണിഞ്ഞൊരുങ്ങി കഴിഞ്ഞുവെന്നു ചെറിയാൻ കൊച്ചിയിൽ നിന്നും അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിനും, മാധ്യമ സമ്മേളനത്തിനും ,ചർച്ചാ ക്ലാസ്സുകൾക്കും, സംവാദങ്ങൾക്കും, കലാപരിപാടികൾക്കും നെടുമ്പാശേരി സാജ് എർത്തു റിസോർട്ട് വേദിയാകുകയാണ്. ഉച്ചയ്ക്ക് 2:30 മുതൽ പ്രതിനിധി സമ്മേളനവും സംഘടനാ ചർച്ചയും നടക്കും.
3:30 മുതൽ അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള മാധ്യമ സെമിനാർ നടത്തും. 'പ്രവാസിസമൂഹവും നവകേരള നിർമാണവും ' എന്ന വിഷയത്തിലാണ് സെമിനാർ .പിഎംഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഡോ.കെ .കെ.അനസ് സ്വാഗതം ആശംസിക്കും . പി പി ചെറിയാൻ ( പ്രമുഖ മാധ്യമ പ്രവർത്തകൻ, യു എസ് എ). അതിഥികളെ പരിചയപ്പെടുത്തും സന്തോഷ് ജോർജ് ജേക്കബ് (മനോരമ ), റ്റി സി മാത്യു ((ദീപിക),എം.പി. സരേന്ദ്രൻ (മാതൃഭൂമി ),,എൻ ശ്രീകുമാർ (വീക്ഷണം ),വേണു പരമേശ്വർ (ദൂരദര്ശന് ) എന്നിവർ പാനലിസ്റ്റുകൾ ആയി പങ്കെടുക്കും . പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ . ജോസ് കാനാട്ട് , ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.
6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ. എ.മാർ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ തുടങ്ങിവർ പങ്കെടുക്കും. തുടരുന്നു കലാപരിപാടികളും അത്താഴവിരുന്നും ഉണ്ടായിരിയ്ക്കും.