തിരുവനന്തപുരം : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയാടിസ്ഥാനത്തിൽ ഇന്നു രാത്രി 12 ന് തുടങ്ങി മറ്റന്നാൾ അവസാനിക്കുന്ന 48 മണിക്കൂർ പൊതുപണിമുടക്ക് ഏറ്റവും വലിയ സമരമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളി സംഘടനകൾ.
കഴിഞ്ഞ ദിവസത്തെ ഹർത്താൽ അക്രമങ്ങൾ കണക്കിലെടുത്ത് വാഹനങ്ങൾ തടയില്ലെന്നും കടയടപ്പിക്കില്ലെന്നും നേതാക്കൾ പറയുമ്പോഴും, പന്ത്രണ്ടിലധികം തൊഴിലാളി സംഘടനകൾ പങ്കെടുക്കുന്ന പണിമുടക്ക് ഹർത്താലായി മാറാനാണ് സാദ്ധ്യത. ട്രെയിൻ ഗതാഗതവും തടസപ്പെടുമെന്നാണ് സൂചന.
പണിമുടക്ക് ആരംഭിക്കുന്ന ഇന്ന് രാത്രി 12 മണിക്ക് എല്ലാ സമര കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും.
പുലർച്ചെ 5മണിയോടെ എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ തടയും. രാവിലെ പത്തരയോടെയാണ് ഔദ്യോഗിക ഉദ്ഘാടനം. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിനു സമീപത്തെ പ്രധാന സമരപന്തലിൽ രണ്ടായിരത്തോളം തൊഴിലാളികൾ 48 മണിക്കൂർ ധർണയിരിക്കും.മറ്റു ജില്ലകളിലെ തൊഴിലാളികൾ അതത് മണ്ഡലം കേന്ദ്രങ്ങളിലെ സമരങ്ങളിൽ പങ്കെടുക്കും.