afghanistan

കാബൂൾ: വടക്ക് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ സ്വർണം കുഴിച്ചെടുക്കാൻ ശ്രമിക്കവേ മുപ്പതു ഗ്രാമീണർ മണ്ണിടിഞ്ഞു മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ബദഖ്ഷാൻ പ്രവിശ്യയിലാണ് അപകടം. 60 മീറ്റർ താഴ്ചയുള്ള ഗുഹയിൽ ഖനനം നടത്തുന്നതിനിടെയാണ് ഭിത്തിതകർന്ന് ദുരന്തമുണ്ടായത്. സ്വർണത്തരികൾ ശേഖരിക്കാൻ നേരത്തേ കുഴിച്ചിരുന്ന നദിയുടെ അടിത്തട്ടിൽ വീണ്ടും ഖനനം നടത്തിയതാണ് അപകടകാരണം. നിരവധി ഗ്രാമീണർ ഇതിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

മുൻകരുതൽ എടുക്കാതെ അശാസ്ത്രീയമായി നടത്തിയ ഖനനമാണ് അപകടമുണ്ടാക്കിയതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അറിയിച്ചു.

സർക്കാർ അനുമതിയില്ലാതെ ഗ്രാമവാസികൾ ഇത്തരത്തിൽ പ്രദേശത്ത് ഖനനം നടത്താറുണ്ട്. സ്ഥിരമായി ഉരുൾപൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന പ്രദേശമാണ് ബദഖ്ഷാൻ പ്രവിശ്യ.താജിക്കിസ്ഥാൻ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പർവത പ്രദേശമാണിത്.