smriti-irani-

ന്യൂഡൽഹി : ശബരിമല വിഷയത്തിൽ സർക്കാരിന് എതിരെ സമരം ചെയ്യുന്നതിനാണ് കേരളത്തിൽ ബി.ജെ.പി പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റുചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 5397പേരെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിരുന്നു. ഇതിനെതുടർന്നാണ് സ്മൃതി ഇറാനി സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്.

വി.മുരളീധരൻ എം.പിയുടെ വീടിന് നേരെ നടന്ന ബോംബാക്രമണത്തെ അപലപിക്കുന്നതായും ഭരണഘടനയുടെ പരിധിയിൽ നിന്ന് ചുട്ടമറുപടി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1772 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ 5397 പേരിൽ 4666 പേർ സ്റ്റേഷൻ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. 731 പേർ റിമാൻഡിലാണ്.