bike

പ്രതീക്ഷകളുടെ പൂക്കാലമാണ് ഓരോ പുതുവർഷവും നമുക്ക് സമ്മാനിക്കുന്നത്. നമുക്കെല്ലാവർക്കുമുണ്ട് നമ്മുടേതായ ഇഷ്‌ടങ്ങളും പ്രതീക്ഷകളും. ടൂവീലർ പ്രേമികളുടെ പ്രതീക്ഷകളെ കോരിത്തരിപ്പിക്കുന്ന വർഷം തന്നെയായിരിക്കും '2019" എന്ന് നിസംശയം പറയാം. അതിനുമാത്രം കിടിലൻ താരങ്ങളാണ് ഈ പുതുവർഷത്തിൽ വിപണിയിലേക്ക് ചുവടുവയ്‌ക്കാനായി 'ക്യൂ" നിൽക്കുന്നത്.

സാധാരണക്കാരെയും അതിസാഹസിക റൈഡിംഗ് പ്രിയരെയുമെല്ലാം ഒരുപോലെ തൃപ്‌‌തിപ്പെടുത്തുന്ന ഒട്ടേറെ മോഡലുകൾ അണിയറയിൽ സജ്ജമാണ്. ടി.വി.എസിന് വിപണിയിൽ സുസ്ഥിരമായ ഒരിടം നൽകിയ മോഡലാണ് ജുപ്പീറ്റർ. ഫാമിലി സ്‌കൂട്ടർ എന്ന പെരുമ നേടിയ ജുപ്പീറ്രറിന്റെ പുതിയ 125 സി.സി വേരിയന്റാണ് ഈ വർഷമെത്തുന്ന ഒരു ശ്രദ്ധേയ താരം. മറ്റൊരു മോഡലായ എൻടോർക്കിൽ നിന്ന് കടമെടുത്ത എൻജിൻ, പരിഷ്‌കരിച്ചാണ് ജുപ്പീറ്ററിൽ നൽകിയിരിക്കുന്നത്. 9.4 പി.എസ് കരുത്തുള്ള ഈ എൻജിൻ ജുപ്പീറ്ററിന് കൂടുതൽ ഉന്മേഷം പകരുമെന്നറുപ്പ്.

ടി.വി.എസ് എൻടോർക്ക് 125 കഴിഞ്ഞവർഷത്തെ ഒരു സൂപ്പർ ഹിറ്രാണ്. വിജയതരംഗം ആവർത്തിക്കാൻ എൻടോർക്ക് 150 ആണ് ഈ വർഷമെത്തുന്നത്. കൂടുതൽ ഉശിരുള്ള ചാസി, മികച്ച എൻജിൻ കരുത്ത്, ഫെർഫോമൻസ് മികവ് എന്നിവയുമായാണ് എൻടോർക്ക് 150ന്റെ വരവ്. ഹീറോയുടെ മേസ്‌ട്രോ എഡ്‌ജ് 125 മോഡലും ഈവർഷം വിപണിയിൽ മാറ്റുരയ്‌ക്കും. ആകർഷകമായ രൂപഭംഗിയാണ് മേസ്‌ട്രോ എഡ്‌ജിന്റെ പ്രധാന സവിശേഷത. ഹീറോ ഡെസ്‌റ്രിനിയിലെ എൻജിൻ തന്നെയാണ് ഇതിലുമുള്ളത്.

പ്രീമിയം സ്‌പോർട്‌സ് ബൈക്ക് പ്രേമികൾ ഏറെ നാളായി കണ്ണുംനട്ടിരിക്കുന്ന താരമാണ് കെ.ടി.എമ്മിന്റെ ആർ.സി 390. രൂപകല്‌പനയിലും സാങ്കേതിക വിഭാഗത്തിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ ആർ.സി 390 എത്തുന്നത്. ഫെയറിംഗിലും വിൻഡ് സ്‌ക്രീനിലും ഇതുകാണാം. കെ.ടി.എം 390 ഡ്യൂക്കിന് സമാനമായ ടി.എഫ്.ടി ഇൻസ്‌ട്രുമെന്റ് പാനലും ആർ.സി 390ൽ പ്രതീക്ഷിക്കാം. പുതുതലമുറയുടെ ഹരമാണ് യമഹയുടെ സൂപ്പർ ബൈക്കുകൾ. യുവാക്കളുടെ ഈയൊരു വികാരം ആളിപ്പടർത്താൻ ഇക്കുറി യമഹ ഒരുക്കിയിരിക്കുന്ന താരമാണ് വൈ.സീ.എഫ് - ആർ3. രൂപകല്‌പനയിലും ഫീച്ചറുകളിലും മുൻഗാമിയിൽ നിന്ന് ഒട്ടനവധി മാറ്റങ്ങൾ പുതിയ വൈ.സീ.എഫ്-3യിൽ കാണാം. സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ലെന്ന് വ്യക്തമാക്കുന്നതാണ് രൂപകല്‌പന. റൈഡിംഗ് കൂടുതൽ ആസ്വാദ്യകരമാക്കാൻ പുതിയ കെ.വൈ.ബി 37 എം.എം യു.എസ്.ഡി ഫോർക്കും ഇടംപിടിച്ചിരിക്കുന്നു.

ഫുൾ-സൈസ്‌ഡ് സ്‌പോർട്‌സ് ബൈക്ക് ശ്രേണിയിൽ ഈ വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ഏപ്രിലിയയുടെ ആർ.എസ്.വി4 - 1100. ആർ.എസ്.വി4 ശ്രേണിയിലെ കരുത്തേറിയ എൻജിനാണ് ഇതിലുള്ളത്. 13,200 ആർ.പി.എമ്മിൽ 217 പി.എസ് കരുത്തുള്ള 1078 സി.സി എൻജിനാണ് ബൈക്കിന്റെ നിയന്ത്രണം. ഉയർന്ന ടോർക്ക് 11,000 ആർ.പി.എമ്മിൽ 123 ന്യൂട്ടൺ മീറ്റർ. വിപണിയിൽ ഏപ്രിലിയ ആർ.എസ്.വി4 - 1100ന് 30 ലക്ഷം രൂപയിൽ കുറയാത്ത വില പ്രതീക്ഷിക്കാം.

സ്‌ട്രീറ്ര് നേക്കഡ് ബൈക്ക് റൈഡിംഗ് ആസ്വാദകരെ ആവേശം കൊള്ളിക്കാൻ കവാസാക്കി 2019ൽ കരുതിവച്ചിരിക്കുന്ന ആയുധമാണ് നിൻജ 400. ലിക്വിഡ് കൂളായ, ട്വിൻ സിലിണ്ടർ, 399 സി.സി എൻജിനാണുള്ളത്. രൂപഭംഗി ആരെയും കീഴ്‌പ്പെടുത്തുമെന്നതിൽ സംശയമേ വേണ്ട. സാഹസിക ബൈക്ക് റൈഡർമാർ ഈ വർഷം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഡലാണ് ഡുകാറ്രിയുടെ മൾട്ടിസ്‌ട്രാഡ 1260 എൻഡ്യൂറോ. ഡുകാറ്രിയുടെ മറ്രൊരു മോഡലായ മൾട്ടിസ്‌ട്രാഡ 1260 എസിന്റെ ഒരു ഹാർഡ്-കോർ ഓഫ് റോഡ് വേരിയന്റെന്ന് 1260 എൻഡ്യൂറോയെ വിശേഷിപ്പിക്കാം. സീറ്റുയരം 10 എം.എം വരെ താഴ്‌ത്തിയിരിക്കുന്നു. റൈഡിംഗ് കൂടുതൽ ആസ്വാദ്യമാക്കാൻ ഹാൻഡിൽ ബാറിന്റെ പൊക്കവും കുറച്ചിട്ടുണ്ട്.