senkumar-

തിരുവനന്തപുരം: ജനുവരി 3 ന് നടന്ന ഹർത്താലിൽ സംസ്ഥാനത്ത് പൊലീസുകാർക്കെതിരെയും പൊലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയത് മുൻ ഡി.ജി.പി ടി.പി സെൻകുമാറെന്ന് ഡി.വൈ.എഫ്.ഐ. ശബരിമല കർമ്മ സമിതിയുടെ നേതാവായ സെൻകുമാറിന്റെ അറിവോടെയായിരുന്നു ആക്രമണങ്ങളെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഹർത്താലിന്റെ മറവിൽ അക്രമം നടന്നാൽ ആഹ്വാനം ചെയ്ത നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് സർവീസിലുള്ളപ്പോൾ നിലപാടെടുത്ത ആളാണ് സെൻകുമാർ. ആ നിലപാട് ഇപ്പോഴും ഉണ്ടോ എന്ന് സെൻകുമാർ വ്യക്തമാക്കണം. സുപ്രീം കോടതി വിധി നടപ്പിലായതിനെതിരെ ഹർത്താൽ നടത്തി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച ശബരിമല കർമസമിതി നേതാക്കൾക്ക് അക്രമങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും റഹിം പറഞ്ഞു.

കേരളത്തിൽ വ്യാപകമായ വർഗീയ സംഘർഷത്തിനാണ് ആർ.എസ്.എസ് പദ്ധതിയിട്ടിരുന്നത്. നെടുമങ്ങാട്ടും അടുരും നടന്ന സംഭവങ്ങൾ ആസൂത്രണ സ്വഭാവം വ്യക്തമാക്കുന്നതാണ്.
കോഴിക്കോട് മിഠായിത്തെരുവിൽ കലാപശ്രമമാണ് ആർഎസ്എസ് നടത്തിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് കലാപ ശ്രമം പൊളിക്കാൻ കഴിഞ്ഞത്.

ആർ.എസ്.എസ് ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തിൽ കലാപം ഉണ്ടാക്കാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ശബരിമലയിൽ പൊലീസ് നടപടി ക്ഷണിച്ചുവരുത്തി ബലിദാനികളെ സൃഷ്ടിച്ചു കലാപവും രാഷ്ട്രീയ മുതലെടുപ്പുമായിരുന്നു ലക്ഷ്യം.

സംഭവത്തിൽ മുൻ പൊലീസ് മന്ത്രി കൂടിയായ പ്രതിപക്ഷനേതാവ് ഇതുവരെ പ്രതികരിച്ചു കണ്ടില്ലെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ചെന്നിത്തല ഇപ്പോൾ ആർ.എസ്.എസ് പ്രചാരകിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു.

വാർത്താ സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ. ആർ.അജയ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി. തോമസ് തുടങ്ങിയവരും പങ്കെടുത്തു.