shetland-

ഷെട്‌ലാൻഡ്: ഇന്നലത്തെ ക്രിസ്‌മസ് ആഘോഷത്തിന്റെ ആലസ്യത്തിലാണ് ഫൗല ദ്വീപുകാർ. ലോകമെങ്ങും ഡിസംബർ 25ന് ക്രിസ്‌മസ് ആഘോഷിച്ചപ്പോൾ സ്കോട്ട്‌ലൻഡിനു സമീപമുള്ള ഈ കുഞ്ഞൻ ദ്വീപുകാർ 12 ദിവസം പിന്നിലായിരുന്നു. മുപ്പതോളം പേർ മാത്രം താമസക്കാരായുള്ള ഫൗലയിൽ ഇന്നലെയായിരുന്നു ക്രിസ്‌മസ് എത്തിയത്. പുതുവർഷത്തിനായി ഇവർക്കിനി ജനുവരി 13 വരെ കാത്തിരിക്കണം. ബ്രിട്ടനൊപ്പം 1582ൽ സ്കോട്ട്‌ലാൻഡ് ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചപ്പോഴും ഫൗല ജൂലിയൻ കലണ്ടർ തന്നെ പിന്തുടർന്നു. 12 ദിവസങ്ങൾക്കുശേഷമാണ് ഇവർ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചത്. ഇതോടെ ലോകത്തേക്കാൾ 12 ദിവസം ഫൗല ദ്വീപുകാർ പിന്നിലായി.

ലോകത്തിലെ തന്നെ ഏറ്റവും വിദൂരമായ ദ്വീപെങ്കിലും കല, സംഗീതം, കൃഷി എന്നിവയിലെല്ലാം ഇവർ മുൻനിരക്കാരാണ്. 1982ൽ ഇവിടെ കുടിവെള്ളവും 1984ൽ വൈദ്യുതി സൗകര്യവും പ്രാവർത്തികമായി.

ക്രിസ്‌മസ് ഇങ്ങനെ

ആഘോഷത്തിനായി ദ്വീപ് നിവാസികളെല്ലാം ഒരു വീട്ടിൽ ഒത്തുചേരും. പരസ്പരം സമ്മാനങ്ങൾ കൈമാറും. പുതുവർഷത്തിനും പരസ്പരം വീടുകൾ സന്ദർശിച്ച് സൗഹൃദം പുതുക്കും.

ഈ ദ്വീപ് ഇങ്ങനെ

ജനസംഖ്യ: 33

നീളം 5 കി.മീ

വീതി 4 കി.മീ

സ്കോട്ട്‌ലാൻഡിൽ നിന്ന് 160 കി.മീ വടക്ക്

ഡീസൽ ജനറേറ്റർ വൈദ്യുതിക്കു പുറമെ സൗരോർജവും

സംസാരഭാഷ: 1800 ഓടെ ഇല്ലാതായ 'നോൺ" ഭാഷ

'ദ എഡ്ജ് ഒപ് ദ വേൾസ്" സിനിമ ചിത്രീകരിച്ചത് ഇവിടെ