തിരുവനന്തപുരം: സുന്നത്ത് കർമ്മത്തിനിടെ 23 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ലിംഗം 75 ശതമാനത്തോളം മുറിഞ്ഞുപോയ കേസിൽ മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഇടക്കാല ആശ്വാസമായി സർക്കാറിനോട് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന ശാസ്ത്രക്രിയയിലാണ് കുഞ്ഞിന് പരിക്കേറ്റത്.
ആശുപത്രിയിൽ ഡോക്ടർമാരുടെ പരിചയക്കുറവും ആധുനിക സൗകര്യങ്ങളില്ലാത്തതുമാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി. മാത്രമല്ല ഒാപ്പറേഷൻ തിയേറ്ററും ഫാർമസിയും നിബന്ധനകളും പാലിച്ചില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി രക്ഷിതാക്കൾ ഇതുവരെ ഒന്നോകാൽ ലക്ഷം രൂപ ചെലവാക്കിയതായി കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
പരാതിയുമായി സമീപിച്ച മാതാപിതാക്കൾക്ക് പൊലീസിന്റെ ഭാഗത്ത് നിന്നും മോശമായ അനുഭവമാണ് ഉണ്ടായത്. ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ മൂത്രം പോകുന്നതിനായി അടിവയറ്റിഷദ്വാരം ഇടേണ്ട അവസ്ഥയിലാണ് കുഞ്ഞുള്ളത്. ഇതുകൊണ്ട് തന്നെ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ്‍ കമ്മീഷൻ അംഗം കെ മോഹൻകുമാർ ഉത്തരവ് നകിയത് .