mamta-banerjee

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിക്ക് ബംഗാളിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാകാൻ സാദ്ധ്യതയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. തൃണമൂലിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷ സ്ഥാനത്തിരിക്കവെയാണ് ബി.ജെ.പി നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് ദിലീപ് ഘോഷ് പരാമർശം നടത്തിയത്.

''ഒരു ബംഗാളി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെങ്കിൽ അതിന് ഏറ്റവും സാദ്ധ്യത മമതയ്ക്കാണ്. അവർ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് സ്വപ്‌നം കാണുന്നത്. ആ പദവിയിൽ അവർക്ക്‌ ശോഭിക്കാൻ സാധിക്കും"- മമതയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ഘോഷ് പറഞ്ഞു. എന്നാൽ 2019 ലും മോദി തന്നെ രാജ്യത്തെ നയിക്കുമെന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രിയാകേണ്ട ആദ്യ ബംഗാളുകാരൻ. എന്നാൽ സി.പി.എം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. അടുത്ത സാദ്ധ്യത മമതയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രണബ് മുഖർജിയെ എതിർത്ത മമതയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു.