ന്യൂഡൽഹി: സ്വീഡിഷ് ടെലികോം സാങ്കേതിക വികസന കമ്പനിയായ എറിക്‌സണെതിരെ രൂക്ഷ വിമർശനവുമായി അനിൽ അംബാനി നയിക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. കമ്പനിക്കെതിരെ എറിക്‌സൺ നടത്തുന്നത് മാദ്ധ്യമ വിചാരണയാണെന്നും പ്രശ്‌നങ്ങൾ 'സെൻസേഷണലൈസ്" ചെയ്യുകയാണെന്നും അത് അനുവദിക്കില്ലെന്നും റിലയൻസ് കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കി.
എറിക്‌സണ് നൽകാനുള്ള കുടിശിക സ്‌പെക്‌ട്രം വില്‌പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വീട്ടുമെന്നും റിലയൻസ് കമ്മ്യൂണിക്കേഷൻസ് വക്താവ് പറഞ്ഞു. 550 കോടി രൂപയാണ് എറിക്‌സണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് നൽകാനുള്ളത്. കോടതി ഉത്തരവുണ്ടായിട്ടും കുടിശിക വീട്ടാതിരുന്ന റിലയൻസിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എറിക്‌സൺ കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വിവിധ ബാങ്കുകളിലായി 47,000 കോടി രൂപയുടെ കടബാദ്ധ്യത റിലയൻസ് കമ്മ്യൂണിക്കേഷൻസിനുണ്ട്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് സ്‌പെക്‌ട്രം വില്‌ക്കുന്നതിലൂടെ 975 കോടി രൂപ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതുവഴി എറിക്‌സണിന് നൽകാനുള്ള തുക വീട്ടാനാണ് ശ്രമം. എന്നാൽ, കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ നീക്കം വൈകുകയാണെന്ന് റിലയൻസ് വ്യക്തമാക്കി. റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ മുൻകാല കടങ്ങൾ ഏറ്റെടുക്കില്ലെന്ന് ജിയോ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പെക്‌ട്രം വില്‌പന കേന്ദ്ര ടെലികോം മന്ത്രാലയം തടഞ്ഞത്.