police

കോഴിക്കോട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വടക്കൻ ജില്ലകളിൽ സംഘർഷങ്ങൾ വ്യാപകമാകുമ്പോഴും ഒരു വർഷത്തോളമായി ഉത്തരമേഖലയ്ക്ക് എ.ഡി.ജി.പി ഇല്ല. എ.ഡി.ജി.പിയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് ദിവാൻ പത്തു മാസം മുമ്പ് വിരമിച്ചതിനു ശേഷം ആർക്കും നിയമനം നൽകാതിരുന്നതണ് പ്രശ്നം. ദക്ഷിണമേഖലാ ചുമതലയുള്ള അനിൽകാന്തി​ന് ഉത്തരമേഖലയുടെ അധിക ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിന് പൂർണസമയം ഇവിടെ ശ്രദ്ധ ചെലുത്താനാകാത്ത സ്ഥിതിയാണ്.

ശബരിമല കർമ്മസമിതിയുടെ ഹർത്താലിൽ കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ സംഘർഷങ്ങളുണ്ടായപ്പോൾ ജില്ലാ പൊലീസ് മേധാവികൾക്ക് പലേടത്തും കാര്യങ്ങൾ നി​യന്ത്രി​ക്കാനായി​ല്ല. അക്രമങ്ങളിൽ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട്ടു മാത്രം 16 പൊലീസുകാർക്കാണ് പരിക്കേറ്റത്. നിരവധി കടകൾ തകർക്കപ്പെടുകയും അക്രമികൾ നഗരത്തിൽ അഴിഞ്ഞാടുകയും ചെയ്തു.

ഹർത്താലിനിടെ മലബാറിൽ പരക്കെ സംഘർഷങ്ങൾക്കു സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൊലീസ് അവഗണിച്ചെന്ന് വിമർശനമുണ്ട്. ഹർത്താലിനു തലേന്ന് കർമ്മസമിതി നടത്തിയ പ്രകടനത്തിനിടെ അക്രമങ്ങളുണ്ടായിരുന്നു. ഹർത്താൽ ദിവസം കടകൾ തുറക്കാൻ വ്യാപാരികളിൽ ഒരു വിഭാഗം ശ്രമിക്കുമെന്നും, ഇത് അക്രമത്തിൽ കലാശിക്കുമെന്നും ഭീകരസ്വഭാവമുള്ള മതസംഘടന അവസരം മുതലെടുക്കുമെന്നും ആയിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. കോഴിക്കോട്ടാണ് വടക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ അക്രമങ്ങളുണ്ടായത്. സമാന സ്വഭാവത്തോടെ കണ്ണൂരിലും പാലക്കാട്ടും അക്രമങ്ങളുണ്ടായി.

 കമ്മീഷണർക്കെതിരെ പൊലീസ് ഉദ്യോഗസ്ഥൻ

ഹർത്താൽ ദിനത്തിൽ കോഴിക്കോട് മിഠായിത്തെരുവിലെ അക്രമങ്ങൾ തടയാൻ പൊലീസിനു കഴിയാതിരുന്നത് സിറ്റി പൊലീസ് കമ്മീഷണറുടെ പരാജയമാണെന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഉമേഷ് വള്ളിക്കുന്ന് ആണ് കമ്മിഷണറെ വിമർശിച്ച് പോസ്റ്റിട്ടത്. ദുർബലമായ ബന്തവസാണ് നഗരത്തിൽ പൊലീസ് മേധാവി ഒരുക്കിയതെന്നും, അക്രമിസംഘം അഴിഞ്ഞാടാൻ ഇത് കാരണമായെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം, നഗരത്തിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മിഠായിതെരുവിൽ 40 പൊലീസുകാരെ വിന്യസിച്ചിരുന്നെന്നും കമ്മീഷണർ കാളീരാജ് മഹേഷ്‌കുമാർ പറഞ്ഞു.