sip

കൊച്ചി: ആഗോള-ആഭ്യന്തര തലങ്ങളിൽ ഓഹരി വിപണികൾ വൻ നഷ്‌ടത്തിലേക്ക് ആടിയുലഞ്ഞൊരു വർഷമാണ് കടന്നുപോയത്. ഇന്ത്യൻ ഓഹരി വിപണി (സെൻസെക്‌സ്) 2021 പോയിന്റുകളുടെ നഷ്‌ടം 2018ൽ രുചിച്ചു. നിക്ഷേപകർക്ക് നഷ്‌ടമായതാകട്ടെ 7.25 ലക്ഷം കോടി രൂപയും. എന്നാൽ, പണം സുരക്ഷിതമായി കരുതിവയ്‌ക്കാനുനും മികച്ച ലാഭം നേടാനുമുള്ള ഏറ്റവും മികവുറ്റ രീതിയായ മ്യൂച്വൽഫണ്ടുകൾക്ക് കഴിഞ്ഞവർഷം ഇന്ത്യയിൽ ലഭിച്ചത് മികച്ച സ്വീകാര്യതയാണ്.

1.24 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം മ്യൂച്വൽഫണ്ട് കമ്പനികളിലേക്ക് ഒഴുകിയ നിക്ഷേപം. തവണകളായി പണം അടയ്‌ക്കാനുള്ള എസ്.ഐ.പി (സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്ര്‌മെന്റ് പ്ളാൻ) നേടിയ സ്വീകാര്യതയാണ് ഈ മുന്നേറ്റത്തിന് പിന്നിൽ. രാജ്യത്തെ മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന ആസ്‌തിമൂല്യം 2018ൽ 5.54 ശതമാനം ഉയർന്ന് 23.61 ലക്ഷം കോടി രൂപയിലെത്തി. 2017 ഡിസംബറിൽ ഇത് 22.37 ലക്ഷം കോടി രൂപയായിരുന്നു. തുടർച്ചയായ ആറാം വർഷമാണ് മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന ആസ്‌തിമൂല്യം വർദ്ധിക്കുന്നത്.

2017ൽ മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന ആസ്‌തിമൂല്യം 32 ശതമാനം വർദ്ധിച്ചിരുന്നു. 5.54 ലക്ഷം കോടി രൂപയാണ് 2017ൽ മ്യൂച്വൽഫണ്ട് കമ്പനികൾ നേടിയ നിക്ഷേപം. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.എൽ ആൻഡ് എഫ്.എസിന്റെ തകർച്ച 2018ൽ മ്യൂച്വൽഫണ്ട് നിക്ഷേപകരെയും ആശങ്കയിലാഴ്‌ത്തിയിരുന്നു. ഇതൊഴിവായിരുന്നു എങ്കിൽ കഴിഞ്ഞവർഷം മ്യൂച്വൽഫണ്ടുകളിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകുമായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

വിദേശ നിക്ഷേപം: 2018ൽ നഷ്‌ടം ₹83,146 കോടി

ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് 2018ൽ വിദേശ നിക്ഷേപക സ്ഥാപകനങ്ങൾ പിൻവലിച്ചത് 83,146 കോടി രൂപ. അമേരിക്ക-ചൈന വ്യാപാരയുദ്ധം, പലിശനിരക്ക് കൂട്ടിയ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നടപടി, ക്രൂഡോയിൽ വിലവർദ്ധന, ഡോളറിനെതിരെ രൂപ നേരിട്ട കനത്ത മൂല്യത്തകർച്ച എന്നിവ ആഗോള തലത്തിൽ ഓഹരി വിപണികളിൽ സൃഷ്‌ടിച്ച പ്രതിസന്ധിയാണ് ഇന്ത്യയിൽ നിന്നും പണം പിൻവലിക്കാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

2017ൽ വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണിയിൽ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. 2018ൽ ഓഹരി വിപണിക്ക് മാത്രം 33,353 കോടി രൂപ കഴിഞ്ഞവർഷം നഷ്‌ടപ്പെട്ടു. കടപ്പത്ര വിപണിയിൽ നിന്ന് 49,593 കോടി രൂപയും പിൻവലിക്കപ്പെട്ടു.

മുൻനിര കമ്പനികൾക്ക്

നഷ്‌ടം ₹38,152 കോടി

കഴിഞ്ഞവാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പത്തു കമ്പനികളിൽ ആറും നേരിട്ടത് കനത്ത നഷ്‌ടം. 38,152 കോടി രൂപയുടെ നഷ്‌ടമാണ് സംയുക്തമായി ഇവർ കഴിഞ്ഞവാരം കുറിച്ചത്. റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്., ഐ.ടി.സി., ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്.ഡി.എഫ്.സി എന്നിവയാണ് നഷ്‌ടം കുറിച്ച കമ്പനികൾ.

16,955 കോടി രൂപയുടെ നഷ്‌ടവുമായി റിലയൻസ് ഇൻഡസ്‌ട്രീസാണ് ഏറ്റവും മുന്നിൽ. ഹിന്ദുസ്ഥാൻ യൂണിലവർ 8,626 കോടി രൂപയും ടി.സി.എസ് 8,198 കോടി രൂപയും എച്ച്.ഡി.എഫ്.സി 1,501 കോടി രൂപയും എച്ച്.ഡി.എഫ്.സി ബാങ്ക് 1,400 കോടി രൂപയും നഷ്‌ടം രേഖപ്പെടുത്തി. 1,469 കോടി രൂപയാണ് ഐ.ടി.സിയുടെ നഷ്‌ടം. ലാഭം നേടിയ കമ്പനികളിൽ മുന്നിൽ ഐ.സി.ഐ.സി.ഐ ബാങ്കാണ്. 2,906 കോടി രൂപയാണ് കഴിഞ്ഞവാരം ബാങ്ക് മൊത്തം മൂല്യത്തിലേക്ക് കൂട്ടിച്ചേർത്തത്.