train

ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പേയെങ്കിലും യാത്രക്കാർ എത്തിയില്ലെങ്കിൽ വണ്ടിയിൽ കയറ്റുന്നതല്ല എന്ന പുതീയ തീരുമാനങ്ങളുമായി ഇന്ത്യൻ റെയിൽവേ. യാത്ര പോകേണ്ട ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് 20 മിനിറ്റെങ്കിലും മുമ്പെ എത്തണം. സുരക്ഷ പരിശോധനയ്ക്ക് ശേഷമാണ് സ്റ്റേഷനിൽ കടത്തി വിടുക.

വിമാനത്താവളങ്ങിളിലേത് പോലെ റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ കർശനമാക്കാൻ റെയിൽ‌വെ തീരുമാനിച്ചതായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാർ അറിയിച്ചു. കുംഭമേളയുമയി ബന്ധപ്പെട്ട് അലഹബാദിലെ പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനം പരീക്ഷണ അടിസ്ഥാനത്തിലാണ് ഇവിടെ നടപ്പിലാക്കിയത്.

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും ഇനി മിക്ക റെയിൽവേ സ്‌റ്റേഷനുകളിലും ഉണ്ടാകുക. റെയിൽവേ സ്റ്റേഷനിൽ കയറാനുള്ള സ്ഥലം പ്രത്യേകമായി ഒരുക്കും. ആദ്യ ഘട്ടത്തിൽ എല്ലാ യാത്രക്കാരെയും പരിശോധിക്കില്ല. എന്നാൽ എല്ലാ കവാടങ്ങളും ആർ.പി.എഫിന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിന് വേണ്ടി 385.06 കോടി രൂപയാണ് റെയിൽവേ ചെലവാക്കുന്നത്.