ന്യൂഡൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകൾ വിദേശത്തെ ശാഖകൾ വെട്ടിക്കുറയ്‌ക്കാനൊരുങ്ങുന്നു. 2018 ജനുവരി 31ലെ കണക്കനുസരിച്ച് 165 വിദേശ ശാഖകളാണ് പൊതുമേഖലാ ബാങ്കുകൾക്കുള്ളത്. ഇതിൽ 69 ശാഖകൾ ഏതാനും മാസങ്ങൾക്കകം മറ്റു ശാഖകളിൽ ലയിപ്പിക്കാനോ പൂട്ടാനോ ആണ് നീക്കം. 35 വിദേശ ശാഖകൾ കഴിഞ്ഞവർഷം പൂട്ടിയിരുന്നു.
ലാഭകരമല്ലാത്ത വിദേശ ശാഖകൾ പൂട്ടും. അതേസമയം, ഒരേനഗരത്തിൽ രണ്ടോ അധിലധികമോ ശാഖകളുണ്ടെങ്കിൽ അവയെ തമ്മിൽ ലയിപ്പിക്കും. വിദേശ ശാഖകൾ ഏറ്റവുമധികമുള്ളത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്‌ക്കാണ്. 52 എണ്ണം. ബാങ്ക് ഒഫ് ബറോഡയ്ക്ക് 50 ശാഖകളും ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് 29 ശാഖകളും വിദേശത്തുണ്ട്. ഇന്ത്യൻ ബാങ്കുകളുടെ ഏറ്റവുമധികം വിദേശ ശാഖകൾ പ്രവർത്തിക്കുന്നത് ബ്രിട്ടനിലാണ്; 32 എണ്ണം. ഹോങ്കോംഗിൽ 13, സിംഗപ്പൂരിൽ 12 എന്നിങ്ങനെയും ശാഖകളുണ്ട്.
2016-17ലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ 41 വിദേശ ശാഖകൾ നഷ്‌ടത്തിലാണ് പ്രവർത്തിക്കുന്നത്. എസ്.ബി.ഐയുടെ ഒമ്പത് ശാഖകൾ നഷ്‌ടത്തിലാണെന്ന് ബാങ്ക് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഒഫ് ഇന്ത്യയുടെ എട്ടും ബാങ്ക് ഒഫ് ബറോഡയുടെ ഏഴും വിദേശ ശാഖകൾ നഷ്‌ടത്തിലാണ്. അലഹബാദ് ബാങ്ക്, കനറാ ബാങ്ക്, ഐഡി.ബി.ഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയ്‌ക്കും വിദേശത്ത് ശാഖകളുണ്ട്.