raja-singh-

ഹൈദരാബാദ്: ഒവൈസിയുടെ ഐ.ഐ.എം.ഐ.എം പാർട്ടിയിൽ നിന്നുള്ള സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് തെലുങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജാ സിംഗ്. മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിം പ്രതിനിധിയായ മുംതാസ് അഹമ്മദ് ഖാനെ കഴിഞ്ഞ ദിവസമാണ് പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തത്.

അദ്ദേഹത്തിന്റെ പാർട്ടി ഹിന്ദുക്കളെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് രാജാ സിംഗ് ആരോപിച്ചു. വന്ദേമാതരവും ഭാരത് മാതാ കീ ജയ് യും ചൊല്ലാത്തവരാണ് അവർ. സത്യപ്രതിജ്ഞയ്ക്ക് മറ്റു നിയമമാർഗങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും എം.എൽ.എ പറഞ്ഞു.

നിയമസഭാ സമ്മേളനം തുടങ്ങുന്ന ജനുവരി ഏഴിനാണ് പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. മുംതാസ് അഹമ്മദ് ഖാനെ പ്രോടെം സ്പീക്കറായി നിയോഗിച്ച തീരുമാനം പുനപ്പരിശോധിക്കണമെന്ന് രാജാ സിംഗ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനയച്ച വീഡിയോ സന്ദേശത്തിൽആവശ്യപ്പെട്ടു. താൻ അസംബ്ലിയിലേക്ക് പോകുകയോ സത്യപ്രതിജ്ഞ ചെയ്യുകയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെലുങ്കാനയിൽ ദാദ്രി ആവർത്തിക്കുമെന്നും ഗോമാതാവിനുവേണ്ടി ആരെയും കൊല്ലാനും മരിക്കാനും തയ്യാറാണെന്നും പറഞ്ഞ നേതാവാണ് രാജാസിംഗ്. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ സിംഗിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.