ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിയമനിർമ്മാണം വേണമെന്ന കോൺഗ്രസ് കേരളഘടകത്തിന്റെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. വിശ്വാസവും ആചാരവും മാറ്റി നിറുത്താനാവില്ലെന്നും നിയമ നിർമ്മാണം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ആചാരവും വികാരവും പരിഗണിക്കണം. കേരളത്തിലെ അക്രമങ്ങളിൽ ആശങ്കയുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സി.പി.എമ്മും ബിജെപിയും ബോംബേറ് നടത്തുന്നു. സംസ്ഥാന സർക്കാർ മസിൽ പവർ കാണിക്കുകയാണ്. മോദി സർക്കാർ എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്നും സുർജേവാല പറഞ്ഞു.
ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരാണ് ദേശീയ നേതൃത്വം എന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.