rahul-and-nirmala

ന്യൂഡൽഹി: റാഫേൽ വിമാന ഇടപാടിൽ നിന്ന് ബി.ജെ.പി സർക്കാർ എച്ച്.എ.എല്ലിനെ നീക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നാലെ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനുമായി വാക്പോര് തുടരുന്നു. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്ലുമായി ഒരു ലക്ഷം കോടി രൂപയുടെ പുതിയ കരാറിൽ ഒപ്പിട്ടതായി നിർമ്മല സീതാരാമൻ പാർലമെന്റിൽ കള്ളം പറഞ്ഞെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് അവർ ഇന്നലെ മറുപടി നൽകി. രാഹുൽ ഗാന്ധിയുടെ പ്രസ്താവന പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എച്ച്.എ.എൽ കമ്പനിക്കു കരാർ നൽകിയതിന്റെ രേഖകൾ പാർലമെന്റിൽ സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ രാജിവയ്ക്കണമെന്നും ഇന്നലെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

എച്ച്.എ.എല്ലുമായി കേന്ദ്രസർക്കാർ ഒരു ലക്ഷം കോടിയുടെ കരാറിൽ ഇതുവരെ ഒപ്പിട്ടില്ലെന്ന എച്ച്.എ.എൽ മാനേജ്മെന്റ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഒരു ദേശീയ മാദ്ധ്യമം കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുൽ ഗാന്ധി നിർമ്മലയോട് രാജി ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷൻ നുണ പ്രചരിപ്പിക്കുന്നതും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതും അപമാനകരമാണെന്നും 2014നും 2018നും ഇടയിൽ എച്ച്.എ.എല്ലുമായി സർക്കാർ 26,​571 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 73000 കോടിയുടെ കരാറിന്റെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് പ്രതിരോധമന്ത്രി വിശദീകരിച്ചു.