മലപ്പുറം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടപ്പാക്കിയ 'ശക്തി' പദ്ധതി കേരളത്തിൽ ഉദ്ദേശിച്ച രീതിയിൽ നടപ്പാക്കിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനായി രൂപവത്കരിച്ച പദ്ധതിയാണ് ‘ശക്തി’ പദ്ധതി
തീരുമാനം എടുക്കുന്നതിൽ പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുന്നതിനായി കഴിഞ്ഞ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പദ്ധതി ആവിഷ്കരിച്ചത്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് എം.എൽ.എമാർക്കൊപ്പം രാഹുൽ പ്രവർത്തകരുമായി ആശയവിനിമയം നടത്താനും തീരുമാനിച്ചിരുന്നു. ‘ശക്തി’ പദ്ധതിയിലൂടെ രജിസ്റ്റർ ചെയ്ത പ്രവർത്തകരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.
എന്നാൽ, കേരളത്തിൽ 22,970 ബൂത്തുകളിൽ ശനിയാഴ്ച വരെ 4,780 ബൂത്തുകൾ മാത്രമാണ് പദ്ധതിയുടെ നടപടി പൂർത്തിയാക്കിയതെന്ന് മുകുൾ വാസ്നിക്ക് പറഞ്ഞു. 81 ശതമാനം ബൂത്തുകളിലും പദ്ധതി നടപ്പായില്ല. ജനുവരി 31ന് മുമ്പ് പദ്ധതി ജില്ലയിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം ഭാരവാഹികൾക്ക് കർശന നിർദേശം നൽകി. 2019 മേയ് ആകുന്നതോടെ നരേന്ദ്ര മോദി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായി മാറുമെന്നും വാസ്നിക്ക് കൂട്ടിച്ചേർത്തു. മലപ്പുറത്ത് ജില്ല കോൺഗ്രസിന്റെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.