nss-

തൃശൂർ: വനിതാമതിലിൽ പങ്കെടുക്കരുതെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിർദ്ദേശം ലംഘിച്ച വനിതാഅംഗങ്ങളോട് വിശദീകരണം ചോദിച്ചതിനെതുടർ‌ന്ന് തലപ്പിള്ളി താലൂക്ക് എൻ.എസ്. എസ് യൂണിയനിൽ പൊട്ടിത്തെറി. വനിതാ മതിലിൽ പങ്കെടുത്ത വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയും കൗൺസിലറും എൻ.എസ്,.എസിലെ പദവികൾ രാജിവെച്ചു.

വനിതാ യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ടി.എൻ.ലളിത, മെമ്പർ പ്രസീത സുകുമാരൻ എന്നിവരാണ് രാജിവെച്ചത്. ആചാര സംരക്ഷണത്തിനായി എൻ.എസ്.എസിന്റെ നിർദ്ദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലുൾപ്പെടെ സജീവമായിരുന്ന ഇരുവരും ജനുവരി ഒന്നിന് നടന്ന വനിതാ മതിലിലും പങ്കെടുത്തു.

വനിതാമതിലിൽ പങ്കെടുക്കുന്ന കാര്യം നേരത്തെ തന്നെ താലൂക്ക് യൂണിയൻ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദ്ദേശം മറികടന്ന് ഇരുവരും വനിതാ മതിലിൽ പങ്കാളികളാകുകയായിരുന്നു. അത്താണിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ലളിത സംസാരിക്കുകയും എൻ എസ് എസ് നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇവരുടെ നിർദ്ദേശമനുസരിച്ച് സമുദായംഗങ്ങളായ മറ്റ് ചിലരും വനിതാ മതിലിൽ പങ്കെടുത്തിരുന്നു.

തുടർന്നാണ് യൂണിയൻ ഇവരോട് വിശദീകരണം തേടിയത്. എന്നാൽ വിശദീകരണത്തിനൊപ്പം ഇരുവരും സംഘടനയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. പി. ഋഷികേശ് ഇവരുടെ രാജി സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഋഷികേശ് പറഞ്ഞു. എൻ.എസ്.എസിൽ നിന്ന് രാജിവെച്ചെന്നും ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ലളിത പറഞ്ഞു.