തിരുവനന്തപുരം:നാളെ ആരംഭിക്കുന്ന 48 മണിക്കൂർ പൊതുപണിമുടക്ക് സംസ്ഥാന ഖജനാവിന് രണ്ടായിരം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കും. കഴിഞ്ഞ ഹർത്താലിലും അക്രമങ്ങളിലും വിവിധമേഖലകളിലായി രണ്ടായിരം കോടിയോളം നഷ്‌ടമുണ്ടായതിന് പിന്നാലെയാണ് ഖജനാവിന്റെ നടുവൊടിക്കാൻ പൊതുപണിമുടക്ക് വരുന്നത്.
ദേശീയ പണിമുടക്കാണെങ്കിലും കേരളത്തിലായിരിക്കും ഇത് 'വൻ വിജയ'മാവുക. ഖജനാവിലേക്ക് പണം വരുന്ന ഉത്പാദന മേഖലകളെല്ലാം സ്തംഭിക്കും. ഭരണം നടത്തുന്ന ഇടതു മുന്നണിയുടെ എല്ലാ തൊഴിലാളി സംഘനകളും പ്രതിപക്ഷ തൊഴിലാളി സംഘടകളും സമരത്തിനുണ്ട്. നാലര ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഒരു വർഷത്ത വരുമാനം. അതനുസരിച്ച് 1232 കോടി രൂപയാണ് ഒരു ദിവസത്തെ വരുമാനം. ഇതിൽ കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി പോലുള്ളവ മാറ്രി നിറുത്തിയാൽ നഷ്ടം ആയിരം കോടിയാകും. ആ കണക്കിലാണ് രണ്ട് ദിവസം കൊണ്ട് 2,000 കോടി നഷ്‌ടപ്പെടുന്നത്.
ഗതാഗതം സ്‌തംഭിക്കുന്നത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. സീസണായതിനാൽ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിദേശികൾ ധാരാളം ഉണ്ട്. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും നിലയ്ക്കുന്നതോടെ ഹർത്താൽ പ്രതീതിയാകും. സാധാരണക്കാർക്ക് പുറത്തിറങ്ങാനാവില്ല. ഈ മാസം 16 മുതൽ കെ.എസ്.ആർ.ടി.സി.യിൽ അനിശ്ചിതകാല പണിമുടക്കിന് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകിയിട്ടുണ്ട്. അതിനു പുറമെയാണ് രണ്ടു ദിവസത്തെ പണിമുടക്ക്. മന്ത്രിമാരുടെ ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കില്ല. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഹാജർ 30 ശതമാനത്തിലും താഴെ പോകും. ഫയൽനീക്കം വീണ്ടും രണ്ടു ദിവസം വൈകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലയ്ക്കും. പ്രളയവും ഹർത്താലുകളും അപഹരിച്ച അദ്ധ്യാപന ദിനങ്ങളുടെ കൂട്ടത്തിൽ രണ്ടു ദിവസം കൂടി. പത്താം ക്ളാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ദിവസം ക്ലാസ് നഷ്‌ടപ്പെടും.
ആദ്യ ദേശീയ പണിമുടക്ക് 1991ൽ
മൻമോഹൻ സിംഗ് കേന്ദ്രധനമന്ത്രിയായിരിക്കെ കൊണ്ടു വന്ന ഉദാരവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ചാണ് ആദ്യ ദേശീയ പണിമുടക്ക്.
സി.ഐ.ടി.യു. ഉൾപ്പെടെയുള്ള ഇടത് സംഘടകളുടെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 1991 നവംബർ 21ന് നടന്നത്.
നാളെ 17-ാമത്തെ ദേശീയ പൊതുപണിമുടക്കാണ്.
മുമ്പ് 48 മണിക്കൂർ പണിമുടക്ക് നടന്നത് 2013ഫെബ്രുവരി 20, 21
മോദി സർക്കാർ വന്ന ശേഷം ദ്വിദിന പണിമുടക്ക് മൂന്നാം തവണ
( 2015 സെപ്തംബർ 2, 2016 സെപ്തംബർ 2, 2019 ജനുവരി 8, 9)
2018 ലെ പണിമുടക്കുകൾ
ജനുവരി 6 മോട്ടോർ വാഹന ഭേദഗതി ബില്ലിനെതിരെ വാഹന പണിമുടക്ക്
ഏപ്രിൽ 30നും ആഗസ്റ്റ് 7നും ഇതേകാരണത്തിന് വാഹന പണിമുടക്ക്
ഏപ്രിൽ 2 കേന്ദ്ര തൊഴിൽ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് പൊതുപണിമുടക്ക്
പൊതുപണിമുടക്ക് കൊണ്ട് നേട്ടങ്ങളുണ്ട്. എല്ലാ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടു വരുന്നത് തടയാൻ കഴിഞ്ഞു. തൊഴിൽ നിയമങ്ങൾ മാറ്റാനുള്ള ശ്രമത്തെ ചെറുത്തു'
- കെ.കെ.ദിവാകരൻ സി.ഐ.ടി.യു ദേശീയ സെക്രട്ടറി.
രണ്ട് ദിവസത്തെ സമരം ടൂറിസത്തിന് വലിയ തിരിച്ചടിയാകും.
- ജി.സുധീഷ്‌കുമാർ, രക്ഷാധികാരി,
കേരള ഹോട്ടൽ ആൻഡ് റസ്റ്റോന്റ് അസോസിയേഷൻ