india-australia

സിഡ്നി: ആസ്ട്രേലിയയിൽ ആദ്യമായി ഇന്ത‌്യയ്‌ക്ക് ടെസ്റ്റ് പരമ്പര ജയം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര വിജയം നേടുന്നത്. മൂന്ന് സെഞ്ച്വറിയുമായി ചേതേശ്വർ പൂജാര വിജയ ശിൽപിയായി. ഫാസ്റ്റ് ബോളർമാരുടെ മികവും വിജയത്തിന് നിർണായകമായി. ആസ്ട്രേലിയയെ 2-1നാണ് ഇന്ത്യ തോൽപ്പിച്ചത്. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാൽ സിഡ്നി ടെസ്റ്റ് സമനിലയിൽ അവസാനിച്ചു.

'2011ലെ ലോകകപ്പ് ജയത്തേക്കാൾ ഏറ്റവും വലിയ നേട്ടമാണി'തെന്ന് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി പറഞ്ഞു. കംഗാരുക്കളുടെ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമെന്ന ചരിത്രനേട്ടം വിരാടിനും കൂട്ടുകാർക്കും സ്വന്തമായി. നേരത്തെ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ 2-1ന് മുന്നിലായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622/7 ഡിക്ളയേഡിനെതിരെ നാലാംദിനമായ ഇന്നലെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 300 റൺസിൽ അവസാനിച്ചു. തുടർന്ന് ഫോളോ ഓ‌ണിനിറങ്ങേണ്ടിവന്ന ഓ‌സീസ് 6/0 എന്ന നിലയിലെത്തിയപ്പോൾ വെളിച്ചക്കുറവ് മൂലം കളി നിറുത്തേണ്ടിവന്നു.

ഇന്നലെ രാവിലെ മഴമൂലം ലഞ്ചിന് ശേഷമാണ് കളി തുടങ്ങിയത്. 25.2 ഓ‌വർ മാത്രമാണ് ഇന്നലെ കളി നടന്നത്. 236/6 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയ 64 റൺസ് കൂടി നേടിയ ശേഷമാണ് ആൾ ഔ‌ട്ടായത്. ഇന്നലത്തെ രണ്ടാം ഓ‌‌വറിൽത്തന്നെ കമ്മിൻസിനെ (25) ക്ളീൻ ബൗൾഡാക്കി ഷമിയാണ് ഓ‌‌‌സീസിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്.