മലപ്പുറം: പലപ്പോഴും വഴിയരികിൽ പൊലീസ് പരിശോധന കാണുമ്പോൾ എതിരെ വരുന്നയാൾക്ക് ലൈറ്റിട്ടു കാണിച്ചും മറ്റും നമ്മളിൽ പലരും സൂചന നൽകാറുണ്ട്. എന്നാൽ അത്തരത്തിലൊരു കാര്യം ഒരിക്കലും ചെയ്യരുതേ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറത്തു നിന്നും ഒരു പൊലീസുകാരൻ. മലപ്പുറം ട്രാഫിക് കൺട്രോളിലെ ഫിലിപ്പ് മമ്പാടാണ് ഫേസ്ബുക്കിൽ വളരെ ഗൗരവകരമായ കാര്യം പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ പൂക്കോട്ടുംപാടം എസ്.ഐ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചില ലഹരി സംഘങ്ങളെ പിടികൂടുകയുണ്ടായി. അതിലുൾപ്പെട്ട ഒരു കൗമാരക്കാരനെ ചോദ്യം ചെയ്‌തപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞ വാക്കാണ് തന്നെ ഇത്തരത്തിൽ ഒരു വീഡിയോയുമായി എത്താൻ പ്രേരിപ്പിച്ചതെന്ന് ഫിലിപ്പ് പറയുന്നു.
ഫിലിപ്പിന്റെ വാക്കുകൾ-
'പകലാണ് കഞ്ചാവു കൊണ്ട് വരുന്നത്. അതാണ് സുഖമെന്നായിരുന്നു പിടിക്കപ്പെട്ട ആ ചെറുപ്പക്കാരൻ എസ്.ഐയോട് പറഞ്ഞത്. രാത്രി കൊണ്ട് വന്നാൽ പൊലീസ് പിടിക്കും. പകലാകുമ്പോൾ എതിരെ വാഹനത്തിൽ വരുന്നവർ ലൈറ്റിട്ടും മറ്റുമൊക്കെ സൂചന നൽകാറുണ്ട് എന്നവൻ പറഞ്ഞു. ദയവായി അതു ചെയ്യരുത്. അതിൽ കണ്ണീരിന്റെ നനവുണ്ട്. എതിരെ വരുന്നവർ ചിലപ്പോൾ പലതരം കുറ്റവാളികളാകും. നമുക്ക് അത് അറിയാൻ കഴിയില്ല. മാല തട്ടിപ്പറിച്ചും, ആളെ കടത്തിയും, വനസമ്പത്ത് കവർന്നുമെല്ലാം വരുന്നവർ അക്കൂട്ടത്തിലുണ്ടാകും.
അത്തരക്കാർക്ക് നമ്മൾ ലൈറ്റിട്ടു കാണിക്കുന്നത് ഉപകാരമാണ് ചെയ്യുന്നത്. അതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുമ്പോൾ എതിരെ വരുന്നവർക്ക് നിങ്ങൾ ഒരു കാരണവശലും സൂചനകളൊന്നും നൽകരുത് -ഫിലിപ്പ് പറയുന്നു.
ഇനി തന്റെ വീഡിയോ കാണുന്നവരിൽ ആരുടെയെങ്കിലും പരിചയത്തിൽ ലഹരിക്കടിമപ്പെട്ടവരുണ്ടെങ്കിൽ തന്നെ വിളിക്കാമെന്നും സൗജന്യമായി ചികിത്സയ്‌ക്കുള്ള സൗകര്യമൊരുക്കുമെന്നും ഈ പൊലീസുകാരൻ വ്യക്തമാക്കുന്നു'.